സ്ത്രീകള്‍ അമ്മയില്‍ തുടരുന്നത് എങ്ങനെ? മന്ത്രി ജി.സുധാകരന്‍

#

കോഴിക്കോട് (28-06-18) : ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ധൃതിപിടിച്ച് തിരിച്ചെടുത്ത അമ്മ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് മന്ത്രി ജി.സുധാകരന്‍. ഇതുപോലെ ഒരു സംഘടനയില്‍ സ്ത്രീകള്‍ക്ക് എങ്ങനെ തുടരാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജി.സുധാകരന്‍. സിനിമയിലെ പണക്കൊഴുപ്പും അഹങ്കാരവും അടക്കിവയ്ക്കണം. സംസ്കാരത്തിന് നിരക്കാത്ത കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത്.

ദിലീപ് ധിക്കാരിയാണെന്നും ഒരു കാലത്തും തനിക്ക് ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടായിട്ടില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു. ദിലീപ് തിലകനോട് ചെയ്തതൊന്നും കേരളീയ സമൂഹം മറക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാനാഭാഗങ്ങളിൽനിന്നുമായി അമ്മയ്‌ക്കെതിരായ വിമര്‍ശനം രൂക്ഷമാകുന്നതിനിടയിലാണ് മന്ത്രി ജി.സുധാകരന്‍ അമ്മയ്ക്കും ദീലിപിനുമെതിരേ ശക്തമായി പ്രതികരിച്ചത്.