നികുതിപ്പണം പറ്റുന്നവര്‍ മറുപടി പറയണം

#

(28-06-18) : ആക്രമണം നേരിട്ട നടിയോടൊപ്പം നില്‍ക്കാന്‍ വിസമ്മതിക്കുകയും കുറ്റാരോപിതനെ സംരക്ഷിക്കാന്‍ അമിതവ്യഗ്രത കാണിക്കുകയും ചെയ്ത അമ്മ എന്ന സംഘടനയെ തള്ളിപ്പറയാന്‍ നീതിബോധമുള്ള ആരും ബാധ്യസ്ഥരാണ്. തനിക്ക് സംഘടനയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആക്രമിക്കപ്പെട്ട നടി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമ അടക്കിവാഴുന്ന താരങ്ങളെയും പണം മുടക്കുന്ന സാമ്പത്തിക-സാമൂഹിക അധോലോകത്തെയും ഭയന്ന് നിശ്ശബ്ദരായിരിക്കുന്ന നടീനടന്മാരെ മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, അഭിപ്രായം പരസ്യമായി പറയാനും വ്യക്തമായ നിലപാടെടുക്കാനും ബാധ്യസ്ഥരായ ചിലര്‍ അമ്മയുടെ നേതൃത്വത്തിലുണ്ട്. അവര്‍ എന്തുചെയ്യും എന്നറിയാനാണ് സമൂഹം കാത്തിരിക്കുന്നത്.

ലോക്‌സഭാംഗമായ ഇന്നസെന്റ് അടുത്ത സമയംവരെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു. എം.എല്‍.എമാരായ ഗണേഷ്‌കുമാറും മുകേഷും അമ്മയുടെ സര്‍വ്വാധികാര്യക്കാരാണ്. സംഘടനയുടെ വേദികളില്‍ അടുത്തിടെയായി അങ്ങനെ കാണാറില്ലെങ്കിലും അമ്മയുടെ അംഗമെന്ന നിലയില്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാനുള്ള ബാധ്യത രാജ്യസഭാംഗമായ സുരേഷ് ഗോപിക്കുമുണ്ട്. കേരള സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന കെ.പി.എ.സി ലളിത കുറ്റാരോപിതനായ ദിലീപിനുവേണ്ടി പരസ്യമായി പ്രത്യക്ഷപ്പെടുകയും ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്തയാളാണ്. ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചവരും സര്‍ക്കാര്‍ ഏല്‍പ്പിച്ച പദവികളില്‍ ഇരിക്കുന്നവരും സമൂഹത്തോട് പാലിക്കേണ്ട ചില മിനിമം മര്യാദകളുണ്ട്. അവ ലംഘിക്കുകയാണ് ഈ എം.പി-എം.എല്‍.എമാരും സംഗീത നാടക അക്കാഡമി അദ്ധ്യക്ഷയും ചെയ്തിരിക്കുന്നത്. ആക്രമണത്തിന് വിധേയയായ തന്നോട് സ്വന്തം സംഘടന അനീതി ചെയ്തു എന്ന, ആക്രമണത്തിനു വിധേയയായ നടിയുടെ ആരോപണത്തെക്കുറിച്ച് ഇവര്‍ അഭിപ്രായം പറഞ്ഞേ മതിയാകൂ.

കൈരളി ചാനലിന്റെ അദ്ധ്യക്ഷനായ മമ്മൂട്ടിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ ചാനല്‍ തീരുമാനിക്കട്ടെ. അതില്‍ ഓഹരി എടുത്തവര്‍ക്ക് അക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ അവകാശമുണ്ടെങ്കില്‍ അവരത് ഉപയോഗിക്കട്ടെ. പാര്‍ട്ടിയുടെ ചാനല്‍ അല്ല എന്ന് പല തവണ സി.പി.എം നേതൃത്വം വ്യക്തമാക്കിയ നിലയ്ക്ക് കൈരളിയുടെ ചെയര്‍മാന്റെ കാര്യത്തില്‍ സമാധാനം പറയണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെടാനാവില്ല. "വേറിട്ടൊരു ചാനല്‍" എന്നും "ഒരു ജനതയുടെ ആത്മാവിഷ്‌കാരം" എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ചാനലിന്റെ ചെയര്‍മാന്‍ ഇക്കാര്യത്തില്‍ എന്തുചെയ്തു എന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല. ആ ചാനലിന്റെ കാണികളും ഗുണകാംക്ഷികളും അത് വേണമെങ്കില്‍ ചോദിച്ചോട്ടെ. പക്ഷേ, ജനപ്രതിനിധികളുടെയും സര്‍ക്കാര്‍ സൗകര്യങ്ങളുടെ ഗുണഭോക്താക്കളുടെയും കാര്യം അങ്ങനെയല്ല.

മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഇടവേള ബാബു വരെയുള്ള നടീനടന്മാര്‍ എന്തു ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ. അവരെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് വേണമെങ്കില്‍ അവരോട് ചോദ്യങ്ങള്‍ ഉന്നയിക്കാം. ഇന്നസെന്റിന്റെയും ഗണേഷ്‌കുമാറിന്റെയും മുകേഷിന്റെയും സുരേഷ് ഗോപിയുടെയും കെ.പി.എ.സി ലളിതയുടെയും കാര്യം അങ്ങനെയല്ല. ഈ കാര്യത്തില്‍ തങ്ങളുടെ നിലപാട് എന്തായാലും അത് ജനങ്ങളോട് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതു പറയാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവരെ ആ സ്ഥാനങ്ങളില്‍ അവരോധിച്ചവരോട് ചോദിക്കേണ്ടി വരും.