കുമ്പസാരം ചൂഷണം ചെയ്ത് പീഡനം : ക്രൈം ബ്രാഞ്ച് അന്വേഷിക്കും

#

തിരുവനന്തപുരം (29-06-18) : കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണപ്പെടുത്തി യുവതിയായ അദ്ധ്യാപികയെ വൈദികര്‍ പീഡിപ്പിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ പെട്ട 5 വൈദികരാണ് പ്രതിസ്ഥാനത്തുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സഭ കമ്മീഷനെ നിയോഗിക്കുകയുണ്ടായി. പ്രതിസ്ഥാനത്തു നില്‍ക്കുന്നവരല്ല അന്വേഷണം നടത്തേണ്ടതെന്നും പോലീസ് അന്വേഷണം ആവശ്യമാണെന്നും കാട്ടി വി.എസ്.അച്ചുതാനന്ദന്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. പോലീസ് അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അഭിപ്രായപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

സ്ത്രീപീഡനക്കേസുകളില്‍ ഇരയുടെ പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താന്‍ പോലീസിന് ബാധ്യതയുണ്ട്. നിലവില്‍ ഇരയായ സ്ത്രീ പരാതി നല്‍കാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് സഭാ അധികൃതര്‍ക്ക് നല്‍കിയ പരാതിയിലാണ് സഭ അന്വേഷണം പ്രഖ്യാപിച്ചത്. സഭയുടെ അന്വേഷണം കുറ്റവാളികളെ സംരക്ഷിക്കാനുള്ള തന്ത്രമാണെന്ന് വിശ്വാസികളില്‍ നിന്നുതന്നെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.

വിവാഹത്തിനു മുമ്പ് ഒരു വൈദികന്‍ തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ബ്ലാക്‌മെയില്‍ ചെയ്ത് പീഡനം തുടര്‍ന്നുവെന്നും ഇരയായ യുവതിയുടെ ഭര്‍ത്താവ് സഭാധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് മറ്റൊരു വൈദികനോട് കുമ്പസരിച്ച യുവതിയെ, കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ആ വൈദികനും പീഡിപ്പിച്ചു. ഈ വൈദികന്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും മറ്റു വൈദികരുമായി പങ്കുവെയ്ക്കുകയും ചെയ്തു. 8 വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിക്കുന്നതില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്.