ഇറാനില്‍നിന്ന് എണ്ണ വാങ്ങല്‍ : യുഎസ്സിന് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ

#

ന്യൂഡല്‍ഹി (29-06-18) : ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ഭീഷണി നിറഞ്ഞ ആവശ്യത്തിനു വഴങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേ ശക്തമായ നിലപാടാണ് യു.എസ് സ്വീകരിച്ചിട്ടുള്ളത്. ഒബാമയുടെ കാലത്ത് യു.എസ് ആവശ്യത്തിനു വഴങ്ങി, ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് മൊത്തം വാങ്ങുന്നതിന്റെ 20 ശതമാനമായി ഇന്ത്യ കുറച്ചിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണവാങ്ങല്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ തോണ്ടുന്ന നീക്കമാണെങ്കിലും അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹെയ്‌ലി, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് കടുത്ത ഭീഷണിയുടെ സ്വരത്തില്‍ തന്നെ പറയുകയുണ്ടായി. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് ലോകത്തെയാകെ ഉത്കണ്ഠാകുലരാക്കിയിട്ടുണ്ടെന്നും ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളോടും തങ്ങള്‍ ആവശ്യപ്പെടുകയാണെന്നുമാണ് നിക്കി ഹെയ്‌ലി പറഞ്ഞത്. തികഞ്ഞ ധിക്കാരത്തോടെയാണ് നിക്കി ഹെയ്‌ലി ഈ ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയുടെയും അമേരിക്കയുടെയും രണ്ടുവീതം ക്യാബിനറ്റ് മന്ത്രിമാര്‍ പങ്കെടുക്കുന്ന 2+2 സംഭാഷണത്തില്‍ നിന്ന് പിന്മാറിയ യു.എസ് ഇന്ത്യയോട് തികച്ചും ധിക്കാരപരമായ സമീപനം കൈക്കൊണ്ടിട്ടും ഒരു തരത്തിലുള്ള പ്രതികരണവും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി സുഷമസ്വരാജും 2+2 സംഭാഷണത്തിനുവേണ്ടി അടുത്തയാഴ്ച വാഷിംഗ്ടണിലേക്ക് പോകാനിരിക്കെ, പൊടുന്നനെ സംഭാഷണം മാറ്റിവെച്ചതായി യു.എസ് അറിയിക്കുകയായിരുന്നു.

അമേരിക്കയുടെ വ്യാപാര-സൈനിക താല്പര്യങ്ങള്‍ക്ക് കീഴ്‌വഴങ്ങി മറ്റു രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിന് ഒരു എതിര്‍പ്പുമില്ലാതെ വഴങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയതോടെ, ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ് യു.എസ്. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തുക കൂടി ചെയ്താല്‍ അത് സൃഷ്ടിക്കുന്ന ആഘാതം ഇന്ത്യയ്ക്ക് താങ്ങാനാവില്ല. രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ സ്വാശ്രയത്വം അമേരിക്കയ്ക്ക് പൂര്‍ണ്ണമായും അടിയറ വയ്ക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ അതിവേഗം നീങ്ങുന്നത്.