ഒത്തുതീര്‍പ്പുനാടകം : നിര്‍മ്മാണം; സംവിധാനം : ദിലീപ്

#

(29-06-18) : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് സംശയത്തിന്റെ നിഴലിലാകുകയും അന്വേഷണം നേരിടുകയും ചെയ്ത ഘട്ടത്തില്‍ അമ്മ ദിലീപിന്റെ പിന്നില്‍ പാറ പോലെ ഉറച്ചുനിന്നു. ദിലീപിനോടൊപ്പമാണ് തങ്ങളെന്ന് മുകേഷും ഗണേഷ്‌കുമാറും ഇന്നസെന്റും സംശയങ്ങള്‍ക്കിട നല്‍കാത്ത തരത്തില്‍ പരസ്യമായി വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരണശേഷി നഷ്ടപ്പെട്ടവരെപ്പോലെ കുനിഞ്ഞിരുന്ന് മുകേഷ്-ഗണേഷുമാരുടെ ആക്രോശങ്ങള്‍ക്ക് മൗനം കൊണ്ട് പിന്തുണ നല്‍കി. ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയും ജനരോഷം ദിലീപിനെതിരേ ആളിക്കത്തുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് മനസ്സിലാക്കി അമ്മയുടെ നേതാക്കള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഒത്തുകൂടി. ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ആക്രമിക്കപ്പെട്ട "സഹോദരി"യോടൊപ്പമാണ് തങ്ങളെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ, ദിലീപിനെ തിരിച്ചെടുത്തതായി അമ്മ അറിയിക്കുന്നു. ജനറല്‍ബോഡി യോഗമാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടില്‍ ഒരു വര്‍ഷം മുമ്പ് കൂടിയത് അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് ആയിരുന്നത്രേ. അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന് നിയമപരമായ സാധുതയില്ല, പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നില്ല, പുറത്താക്കിയെങ്കില്‍ തന്നെ ദിലീപിനെ അറിയിച്ചിരുന്നില്ല തുടങ്ങി സാങ്കേതികമായ നിരവധി ന്യായവാദങ്ങളാണ് ഇപ്പോള്‍ അമ്മയുടെ നേതാക്കള്‍ നിരത്തുന്നത്. ദിലീപിനെ പുറത്താക്കി എന്ന് മാധ്യമപ്രവര്‍ത്തകരോട് അമ്മ നേതാക്കളുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞത് പച്ചക്കള്ളമായിരുന്നു എന്ന് ചുരുക്കം. ജനങ്ങളെ പറ്റിക്കാന്‍ കളിച്ച ഒരു നാടകം മാത്രമായിരുന്നു പുറത്താക്കല്‍ പ്രഖ്യാപനം എന്ന് അമ്മ ഭാരവാഹികള്‍ തന്നെ ഇപ്പോള്‍ വിളിച്ചു പറയുന്നു.

കേസില്‍ വിചാരണ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുക വഴി, അമ്മയിലെ അംഗങ്ങളായ നടീനടന്മാര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുകയായിരുന്നു. സംഘടനയുടെ മേലാവുകളുടെ ലക്ഷ്യം. ദിലീപ് ഇപ്പോഴും ശക്തനാണ്, താരങ്ങളുടെ സംഘടന ദിലീപിനോടൊപ്പമാണ് എന്ന സന്ദേശം. കേസില്‍ സാക്ഷി പറയേണ്ടവര്‍ മിക്കവരും അമ്മയിലെ അംഗങ്ങളാണെന്നോര്‍ക്കുക. കേസിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അമ്മയിലേക്കുള്ള തിരിച്ചെടുക്കല്‍. പക്ഷേ, ആ തീരുമാനത്തിനെതിരേ നാലു നടിമാരില്‍ നിന്നുണ്ടായ പ്രതികരണം അമ്മയുടെ കാരണവന്മാര്‍ പ്രതീക്ഷിച്ചതല്ല. തിരിച്ചെടുക്കുക വഴി സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതിയ സമ്മര്‍ദ്ദം നേര്‍വിപരീതദിശയിലാകുന്നതു കണ്ട ദിലീപും അദ്ദേഹത്തിന്റെ സംരക്ഷകരും ഈ കുരുക്കഴിക്കാനുള്ള എളുപ്പവഴി അതിവേഗം തന്നെ കണ്ടെത്തി.

തന്നെ പുറത്താക്കിയ തീരുമാനം നിയമാനുസൃതമല്ലെന്ന് മനസ്സിലാക്കി അത് തിരുത്തിയ അമ്മയെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ കത്തിലൂടെയാണ് തന്നെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയ കുരുക്കില്‍ നിന്ന് ഊരാന്‍ ദിലീപ് ശ്രമിക്കുന്നത്. തന്റെ പേരില്‍ അമ്മ എന്ന സംഘടന അപമാനിക്കപ്പെടുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുന്നില്ല. നിരപരാധിത്വം തെളിയിച്ചശേഷം മാത്രമേ താന്‍ സംഘടനയിലേക്ക് ഇനിയുള്ളൂ എന്നാണ് ദിലീപ് അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അറിയിക്കുന്നത്. എന്തൊരു വൈദഗ്ദ്ധ്യം! എന്തൊരു വിശാലഹൃദയം! ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിച്ചു. അമ്മയ്ക്ക് സമാധാനമായി. ദിലീപിന് ആശ്വാസവുമായി.

അത്ര എളുപ്പം തീരുന്നതല്ല ദിലീപിന്റെ പുറത്താക്കലും അകത്താക്കലും മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നങ്ങള്‍. മലയാള സിനിമയിലെ മാഫിയവല്ക്കരണവും സ്ത്രീ വിരുദ്ധതയും  ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ദിലീപിന്റെ ഒരു കത്തുകൊണ്ട് ലളിതമായി പരിഹരിക്കാന്‍ കഴിയുന്നതല്ല. മലയാള സിനിമയെ ചൂഴ്ന്നു നില്‍ക്കുന്ന സാമ്പത്തിക-സാമൂഹിക അധോലോകത്തിനെതിരായ പോരാട്ടം എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നതോ വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതോ അല്ല. രാജിയിലൂടെ നാലു നടിമാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ തീപ്പൊരി ആളിപ്പടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും അമ്മയുടെ മാത്രമല്ല, മലയാളസിനിമയുടെയും ഭാവി.

ഇപ്പോള്‍ ദിലീപിനെ നിയമാനുസൃതമല്ലാതെ പുറത്താക്കുകയും "നിയമാനുസൃതമായി" തിരിച്ചെടുക്കുകയും ചെയ്യുന്ന അമ്മയുടെ സ്റ്റിയറിംഗ് പിടിക്കുന്നവര്‍ ഒരു നിയമവും പാലിക്കാതെയാണ് തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തിലകനെ അനുകൂലിച്ചവര്‍ക്കെല്ലാം ഊരുവിലക്ക് ഏര്‍പ്പെടുത്തിയ താരരാജാക്കന്മാര്‍, സ്ത്രീകളില്‍ നിന്നുള്ള എതിര്‍പ്പിന് തങ്ങളുടെ കസേരകളുടെ ഇളക്കം തട്ടിക്കാന്‍ കഴിയുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാകില്ല. സുകുമാരന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി പ്രഗത്ഭരായ പല നടന്മാരെയും "ശിക്ഷിക്കുന്നതില്‍" വിനോദം കണ്ടെത്തിയവരാണ് ഇടവേള ബാബുവിനെപ്പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തി ഈ അധാര്‍മ്മികയുദ്ധം നടത്തുന്നത്.

ജഗതി ശ്രീകുമാറിന് പിഴ ശിക്ഷ വിധിച്ചപ്പോഴും തിലകന് വിലക്കേര്‍പ്പെടുത്തിയപ്പോഴും ഉണ്ടാകാത്ത തരത്തിലുള്ള എതിര്‍പ്പാണ് ഇപ്പോള്‍ അമ്മയുടെ മേലാളന്മാര്‍ നേരിടുന്നത്. അടിമത്തവും ചൂഷണവും അംഗീകരിക്കാന്‍ തയ്യാറല്ലാത്ത സ്ത്രീകളാണ് ഈ എതിര്‍പ്പിന് നേതൃത്വം നല്‍കുന്നത്. അത് അമ്മയുടെ മേലാവുകളെ വിറളി പിടിപ്പിക്കുന്നു. സ്ത്രീകളെ കാല്‍ചുവട്ടിലിട്ട് ചവിട്ടിമാത്രം ശീലമുള്ള താരരാജാക്കന്മാര്‍, ആത്മാഭിമാനമുള്ള സ്ത്രീകളുടെ ചെറുത്തുനില്‍പ്പില്‍ പതറിപ്പോവുക സ്വാഭാവികം. ഇത്തരം പ്രതികരണങ്ങള്‍ കണ്ടുശീലിച്ചവരോ കേട്ടറിവുപോലുമുള്ളവരോ അല്ല അവര്‍. സംഘടനയില്‍ തിലകന്‍ ഒറ്റയ്ക്ക് നടത്തിയ ചെറുത്തുനില്പിനെ തകര്‍ത്തതുപോലെ എളുപ്പമല്ല നീതിക്കുവേണ്ടി ഇപ്പോഴുയരുന്ന സംഘടിതമായ പ്രതിരോധത്തെ എതിര്‍ത്തു തോല്പിക്കുക. ദിലീപും കൂട്ടാളികളും ഇപ്പോള്‍ കളിക്കുന്ന ഒത്തുതീര്‍പ്പു നാടകങ്ങള്‍ അസംബന്ധം നിറഞ്ഞ പ്രഹസനങ്ങളായി കലാശിക്കാനാണ് സാധ്യത.