താരസംഘടനയും ഫാൻസ്‌ അസോസിയേഷനുകളും നാടിനു നാണക്കേട്

#

(29-06-18) : എ.എം.എം.എയും ഫാൻസ്‌ അസോസിയേഷനുകളും വിചിത്ര സംഘടനകളാണ്.ഈ സംഘടനകളിൽ ചോദ്യവും പറച്ചിലുമില്ല. നേതാവ് കല്പിക്കും. അനുയായികൾ ചോദ്യം ചെയ്യാതെ അനുസരിക്കും. തങ്ങൾക്ക് തോന്നുന്നത് ചെയ്യും, ഒരു ചോദ്യത്തിനും ഉത്തരം പറയാൻ തങ്ങൾ ബാധ്യസ്ഥരല്ല എന്നാണ് എ.എം.എം.എയുടെ നേതാക്കൾ പറയുന്നത്. ആ സംഘടനയ്ക്ക് വേണ്ടി ചാനലുകളിൽ വന്നിരുന്നു വാദിക്കുന്നവർ ഈ സമൂഹത്തെക്കുറിച്ച് ഒന്നുമറിയാത്തവരാണ്. പൈസ മുടക്കുന്നവൻ പറയുന്നത് കേൾക്കണം എന്നാണ് സജി നന്ത്യാട്ട് എന്ന് പേരുള്ള ഒരാൾ (എ.എം.എം.എയുടെ വക്താവായി സ്ഥിരം ചാനലിൽ വരുന്നയാൾ)പറഞ്ഞത്.

താരങ്ങളുടെ സംഘടനാ കാര്യങ്ങളിൽ ആരും ഇടപെട്ടിട്ടില്ല. സ്ത്രീയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തു എന്ന നമ്മുടെ നാട്ടിൽ കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു ക്രിമിനൽ കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നയാളെ കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചതിനെയാണ് സമൂഹം ചോദ്യം ചെയ്തത്. ഇതിനെതിരെ പ്രതികരിച്ച സംഘടനകൾക്ക് നേരേ സൈബർ ആക്രമണം നടത്താൻ ഈ ക്രിമിനൽ സംഘം ക്വട്ടേഷൻ കൊടുത്തു.  ക്വട്ടേഷൻ കൊടുക്കലും നടപ്പാക്കലുമാണ് ഈ സംഘത്തിന്റെ പ്രധാന പണി.

അപ്പൂപ്പന്റെ പ്രായമുള്ള ഒരു താരത്തിനെ അങ്കിളെന്നു വിളിച്ചതിന് ഒരു നടിയെ സൈബർ ക്വട്ടേഷൻ സംഘത്തെക്കൊണ്ട് തെറി വിളിപ്പിച്ചു. നായകനടൻമാരെ വിമർശിച്ച നടിമാർ, സ്വന്തം അഭിപ്രായം പറഞ്ഞ സംവിധായകൻ ആഷിക്ക് അബു തുടങ്ങിയവരൊക്കെ സൈബർ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിന് ഇരകളായി. തെറിവിളി മുതൽ ഫോട്ടോ മോർഫ് ചെയ്യൽ വരെയുള്ള സൈബർ കുറ്റങ്ങളും മറ്റു ക്രിമിനൽ കുറ്റങ്ങളുമാണ് ഫാൻസ്‌ അസോസിയേഷനുകൾ എന്ന കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചെയ്യിക്കുന്നത്. താരങ്ങൾ ക്വട്ടേഷൻ നൽകുന്ന പണി നിർത്തിയേ പറ്റൂ.

നാട്ടിൽ പ്രവർത്തിക്കുന്ന ഏത് സംഘടനയും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാവണം രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും എന്തിന് നാട്ടിലെ റസിഡൻസ് അസോസിയേഷനെ പറ്റി വരെ നാം ചർച്ച നടത്താറുണ്ട് വിമർശിക്കാറുണ്ട് തിരുത്തിക്കാറുണ്ട് എന്നാൽ  താരസംഘടന എന്ന് താരങ്ങൾ മാത്രം പറയുന്ന എ.എം.എം.എ എന്ന സംഘടനയെ പറ്റി ആരും ഒന്നും മിണ്ടരുത് എന്നാണ് ആ സംഘടനയിൽ ഉള്ളവർ പറയുന്നത് എന്നാൽ ഇനിയും ഇനിയും ഉറക്കെ കേരളം നിങ്ങളുടെ ശരികേടുകളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും എന്ന് മനസ്സിലാക്കുക. ഇത് കേരളമാണ്. ഫാൻസ്‌ അസോസിയേഷനുകളെക്കൊണ്ട്  താരങ്ങൾക്ക് അമ്പലം പണിയുന്ന നാടാക്കി ഇതിനെ മാറ്റാമെന്ന് ആരും കരുതണ്ട.