എ.ഐ.വൈ.എഫ് നേതാവിന് ഫാന്‍സ് അസോസിയേഷന്റെ വധഭീഷണി

#

തിരുവനന്തപുരം (29-06-18) : മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ വധഭീഷണിയുണ്ടായെന്ന് കാട്ടി എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാല്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. കഴിഞ്ഞദിവസം കൊച്ചിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ താരസംഘടനയായ അമ്മയുടെ സെക്രട്ടറി മോഹന്‍ലാലിന്റെ കോലം കത്തിച്ചിരുന്നു. അതിനുശേഷമാണ് തനിക്ക് ഫോണില്‍ വധഭീഷണിയുണ്ടായതെന്ന് സജിലാല്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇന്ന് രാവിലെ 10.59 നും ഉച്ചയ്ക്ക് 12.28 നുമാണ് ഫോണില്‍ വധഭീഷണിയുണ്ടായത്. രാവിലെ വിളിച്ചയാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി ശിവനെന്നാണ് സ്വയം പരിചയപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അയാള്‍ അസഭ്യം പറയുകയും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉച്ചയ്ക്ക് വിളിച്ചയാള്‍ എറണാകുളത്തുനിന്നാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ പ്രതിനിധിയാണെന്നുമാണ് പരിചയപ്പെടുത്തിയത്. രണ്ടു ഫോണ്‍ വിളികളും വന്ന നമ്പരുകള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.