ലൈംഗികാരോപണങ്ങള്‍ ക്രൈസ്തവ സഭകളെ ഇളക്കി മറിക്കുന്നു

#

കോട്ടയം (30-06-18) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ അദ്ധ്യാപികയായ യുവതിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനമായതിനു പിന്നാലെ സീറോ മലബാര്‍ സഭയിലെ ഒരു ബിഷപ്പിനെതിരേയും ലൈംഗിക പീഡനത്തിന് കേസ്. ഫ്രാങ്ക് മുല്ലയ്ക്കല്‍ എന്ന പുരോഹിതന് എതിരേയാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കോട്ടയം കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായ കന്യാസ്ത്രീക്കെതിരേ ബിഷപ്പും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ ലൈംഗികപീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കന്യാസ്ത്രീ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായാണ് ബിഷപ്പിന്റെ പരാതി.

ബിഷപ്പിന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് താന്‍ കഴിഞ്ഞവര്‍ഷം സഭയ്ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതിപ്പെട്ടതെന്ന് കന്യാസ്ത്രീ പറഞ്ഞു. പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അരമനയില്‍ വിളിച്ചു വരുത്തി 2014 ലാണ് ബിഷപ്പ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നു. അതിനു ശേഷമുള്ള 2 വര്‍ഷങ്ങളില്‍ 13 തവണ ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് കന്യാസ്ത്രീ ആരോപിക്കുന്നു. പരാതിപ്പെട്ടതിനു ശേഷം തന്നെ ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കം ചെയ്‌തെന്നും സാമ്പത്തിക തിരിമറികള്‍ നടത്തിയെന്ന വ്യാജകേസ് തനിക്കെതിരേ ചമച്ചെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. അതേസമയം കന്യാസ്ത്രീക്ക് എതിരേ നടപടി എടുത്തതിന്റെ പേരിൽ തനിക്കെതിരേ വ്യാജപരാതി നല്‍കുകയാണ് കന്യാസ്ത്രീ എന്നാണ് ബിഷപ്പ് പറയുന്നത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാര്‍ തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി ഇരയുടെ ഭര്‍ത്താവ് നല്‍കിയ പരാതിക്ക് പുറകേ സീറോ മലബാര്‍ സഭയിലെ ഒരു പ്രധാന പുരോഹിതനെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണം കേരളത്തിലെ ക്രൈസ്തവ സഭകളെ പ്രതിരോധത്തിലാക്കുന്നു. സീറോ മലബാര്‍ സഭയില്‍ ആരോപണ വിധേയനായ പുരോഹിതന്‍ 2009 മുതല്‍ ഡല്‍ഹി ഭദ്രാസനത്തിലെ ആക്‌സിലറി ബിഷപ്പും 2013 മുതല്‍ ജനന്ധറിലെ ബിഷപ്പുമാണ്.