എഎംഎം എ ; സിപിഎം പ്രതികരണം സ്ത്രീപക്ഷനിലപാടല്ല

#

(30-06-18) : എ.എം.എം.എയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം സി.പി.ഐ.(എം)  സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, :"ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബ്ബലമാക്കാനും ചില തല്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല ആ സംഘടനയോട് പ്രതികരിക്കേണ്ടത്." എം.എൽ.എമാർ സി.പി.എം  പ്രതിനിധികളാണ്. ആ നിലയില്‍ ആ പാർട്ടി പറഞ്ഞത് ശരിയെന്നാണ് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊക്കെ കേൾക്കുമ്പോഴാണ് ഞങ്ങളെ പോലുള്ള സ്ത്രീകള്‍ക്ക് അമ്പരപ്പ് തോന്നുന്നത്.

വൃന്ദാകാരാട്ട്, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ, ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ തുടങ്ങിയ സി.പി.ഐ.എം ലെ വനിതാനേതാക്കള്‍ അമ്മയിലെ അംഗങ്ങളായ ജനപ്രതിനിധികളെ വിമര്‍ശിക്കുകയുണ്ടായി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ശക്തമായി പലതും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും സ്വാഭാവികമായും പൊതുസമൂഹം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. എല്‍.ഡി.എഫിന്റെ മൂന്ന് ജനപ്രതിനിധികളെ വിളിച്ചുവരുത്തി എ.എം.എം.എയുടെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? സംഘടനയോട് പ്രതികരിക്കേണ്ടത് രാഷ്ട്രീയ നിറം നോക്കിയല്ല എന്ന് പറയുമ്പോള്‍ തന്നെ ലൈംഗികപീഡന അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ നീക്കത്തിനെതിരേ ധാര്‍മ്മികമായി എടുക്കേണ്ട നിലപാട് എന്തായിരിക്കും? ആ രാഷ്ട്രീയം സ്ത്രീനീതിയുടെ രാഷ്ട്രീയമാണ്. അവിടെ എല്‍.ഡി.എഫ് പ്രതിനിധികള്‍ക്ക് മറ്റാരെക്കാളും ഉത്തരവാദിത്വമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ സ്വീകരിച്ച ഉറച്ച നിലപാടാണ് കേസന്വേഷണം  ശക്തിപ്പെടാൻ കാരണമായത്. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷന് രൂപം നല്‍കാനും ഈ സർക്കാരിന് കഴിഞ്ഞു. ഇവയെയൊക്കെ നിഷ്പ്രഭമാക്കാന്‍ ഉതകുന്ന പ്രസ്താവന എങ്ങനെ വന്നു ? നിയമവിരുദ്ധമാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ തീരുമാനമെന്നിരിക്കെ, സത്യപ്രതിജ്ഞാചട്ടലംഘനം കൂടി ജനപ്രതിനിധികള്‍ നടത്തിയിരിക്കുകയാണ് ഇവിടെ എന്നുവേണം അനുമാനിക്കാന്‍. വളരെ ഗൗരവമുള്ള  ഒന്നാണിത്. സ്ത്രീസുരക്ഷാനിയമങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും പുരുഷകേന്ദ്രീകൃത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള ഇരട്ടത്താപ്പ് കൂടിയായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിശദീകരണം  മാറുന്നുണ്ട്.

ക്രൂരമായ ലൈംഗികപീഡനത്തിരയായ ചലച്ചിത്രനടിയ്ക്ക് കലവറയില്ലാത്ത പിന്തുണ എന്ന് പറയുമ്പോഴും പക്ഷേകളും മൗഢ്യങ്ങളും വരുത്തുന്നത് എന്തുകൊണ്ടാണെന്ന് അതു ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തണം. അമ്മയെ പിളര്‍ക്കാന്‍ തല്പരകക്ഷികള്‍ ശ്രമിക്കുന്നു എന്ന ആരോപണം  ആദ്യമുയര്‍ത്തിയത് കെ.ബി.ഗണേഷ്‌കുമാറാണ്. ദിലീപിനെ വേദിയിലിരുത്തി വികാരഭരിതനായി അദ്ദേഹം. അത് പറഞ്ഞ് കഴിഞ്ഞശേഷമാണ് വിശദമായ ചോദ്യം ചെയ്യലിന് പോലീസ് ദിലീപിനെ കൊണ്ടുപോയത്. അമ്മയുടെ ആ യോഗത്തിന് മുമ്പും ലൈംഗിക അതിക്രമം നടന്ന ഉടനെ അദ്ദേഹം നല്‍കിയ ടിവി അഭിമുഖത്തില്‍ ചലച്ചിത്രരംഗത്തെ മാഫിയവല്‍ക്കരണത്തെക്കുറിച്ച് ശക്തമായി വിശദമാക്കിയിരുന്നു.

ഇത് താരസംഘനയുടെ സ്വകാര്യ ആഭ്യന്തരപ്രശ്‌നമല്ല. അതിക്രമത്തിനിരയായ നടി പോലീസിനാണ് പരാതി നല്‍കിയത്. അന്വേഷണം നടത്തുന്നത് സര്‍ക്കാരാണ്. അതിന്റെ ഭാഗമായ ജനപ്രതിനിധികള്‍ ആ ഉത്തരവാദിത്തം കാണിക്കണമെന്ന് പറയാന്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് കഴിയണം. എ.എം.എം.എയെ തകര്‍ക്കുകയും  സംരക്ഷിക്കുകയും സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ല. മാത്രമല്ല ആ സംഘടനയെ തിരുത്തിക്കാൻ പൊതു സമൂഹമാകെ ആഗ്രഹിക്കുന്ന ഈ ഘട്ടത്തില്‍ സ്ത്രീപക്ഷത്ത് ഉറച്ചുനിന്നുകൊണ്ടുള്ള കലവറയില്ലാത്ത നിലപാടാണ് എല്‍.ഡി.എഫില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അത് എല്‍.ഡി.എഫിന്റെ ഭാഗമായ സ്ത്രീകളുടെ മാത്രം പ്രശ്‌നമായി മാറ്റരുത്.