വിവാദങ്ങളില്‍ കാര്യമില്ല : അനുഭവത്തില്‍ നിന്ന് ഗണേശ് കുമാര്‍

#

(30-06-18) : രാഷ്ട്രീയക്കാര്‍ അമ്മയ്ക്ക് എതിരേ പറയുന്നത് കയ്യടിക്കു വേണ്ടിയാണെന്നും അവര്‍ പറയുന്നതിനൊന്നും ചെവി കൊടുക്കരുതെന്നും പറയുന്നത് പത്തനാപുരം എം.എല്‍.എയും കേരള കോണ്‍ഗ്രസ്(പിള്ള) ഗ്രൂപ്പിന്റെ നേതാവുമായ കെ.ബി.ഗണേശ് കുമാര്‍. തങ്ങളുടെ പേര് പത്രത്തിലും ചാനലുകളിലും വരാന്‍ വേണ്ടി രാഷ്‌ടീയക്കാർ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നും ആ ആരോപണങ്ങള്‍ക്കൊന്നും മറുപടി കൊടുക്കരുതെന്നുമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേളബാബുവിനുള്ള വാട്‌സ് ആപ് ശബ്ദ സന്ദേശത്തില്‍ ഗണേശ് കുമാര്‍ പറയുന്നത്. സ്വയം ഒരു രാഷ്ട്രീയക്കാരനും പ്രമുഖനായ ഒരു രാഷ്ട്രീയനേതാവിന്റെ മകനുമായതുകൊണ്ട് രാഷ്ട്രീയക്കാരെ കുറിച്ച് പറയാന്‍ എന്തുകൊണ്ടും അര്‍ഹത ഉള്ളയാളാണ് ഗണേശ് കുമാര്‍.

ഈ വിവാദമൊക്കെ രണ്ടുദിവസം കൊണ്ട് കെട്ടടങ്ങുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഗണേശ് പറയുന്നത്. നാണക്കേടിന്റെ ഇതിഹാസങ്ങള്‍ രചിച്ച എത്രയെത്ര വിവാദങ്ങളിലെ നായകനായിരുന്നു ഗണേശ്! ആ വിവാദങ്ങളൊക്കെ ജനങ്ങള്‍ മറന്നു കഴിഞ്ഞെന്നാണ് ഗണേശിന്റെ വിശ്വാസം. ഭാര്യ തന്നെ തല്ലി എന്നു പറഞ്ഞ് മുഖത്തെ മുറിവുമായി കരഞ്ഞുകൊണ്ട് മാധ്യമങ്ങളുടെ മുമ്പിലെത്തിയ മന്ത്രിയായ ഗണേശ് കുമാറിന്റെ മുറിവേറ്റ മുഖം ആരും അത്ര വേഗം മറക്കാനിടയില്ല.

സോളാര്‍ വിവാദമുണ്ടായപ്പോള്‍ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ഗണേശിന്റെ പേരാണ്. തന്റെ വീട്ടില്‍ സരിതയുടെ കമ്പനിയുടെ സോളാര്‍ പാനലാണ് സ്ഥാപിച്ചതെന്ന് ഗണേശിന് സമ്മതിക്കേണ്ടി വന്നു. തന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയതിന് താനാണ് ഗണേശിനെ അടിച്ചതെന്ന ബിജൂ രാധാകൃഷ്ണന്റെ വാദത്തിലെ സത്യമെന്താണെന്ന് ഗണേശിനും ബിജൂ രാധാകൃഷ്ണനും മാത്രമേ അറിയൂ. എറണാകുളം ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ബിജൂ രാധാകൃഷ്ണന്‍ തന്നോട് പറഞ്ഞ രഹസ്യമെന്താണെന്ന് ഉമ്മന്‍ചാണ്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ആരോപണങ്ങളെയും വിവാദങ്ങളെയും ഭയക്കരുതെന്ന് പറയാന്‍ ഏറ്റവും അര്‍ഹന്‍ ഗണേശ് കുമാറല്ലാതെ മറ്റാരാണ്?