മറഡോണയ്ക്ക് നഷ്ടപ്പെട്ട ആയിരം കുപ്പി വീഞ്ഞ്

#

(30-06-18) : 1986 ജൂൺ 29. എസ്റ്റോഡിയ ആസ്ടെക്കാ സ്റ്റേഡിയം. മെക്സിക്കോ സിറ്റി. പരാജയപ്പെട്ടത് ബെക്കൻ ബോവറുടെ ജർമ്മനി. വിജയികൾ മറഡോണയുടെ അർജന്റീന. കപ്പുയർത്തി സ്‌റ്റേഡിയത്തിനു വലം വെക്കുന്ന ഒരു കുറിയ മനുഷ്യൻ. ആർത്തിരമ്പുന്ന ഗ്യാലറികളിൽ വാ മോസ് അർജന്റീന മുഴങ്ങുന്നു. ആഹ്ളാദം അലയടിക്കുന്ന മുഹൂർത്തത്തിലും മറഡോണയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടായിരുന്നു. ദൈവത്തിന്റെ പദചരണങ്ങളുടെ മാന്ത്രിക ചലനങ്ങളിലേക്ക് കണ്ണുനട്ടിരുന്ന കായിക ലോകത്തിന് ആ വിഷാദ കാരണം അജ്ഞാതമായിരുന്നു. ആ രഹസ്യമറിയാവുന്നത് അർജന്റീനൻ ടീമംഗങ്ങൾക്കു മാത്രം.

മഹാനഷ്ടമാണ് ഒരു പക്ഷെ മറഡോണക്ക് അന്ന് സംഭവിച്ചത്. തുടരെത്തുടരെയുണ്ടായ വിജയങ്ങളും ലോകതാര പദവിയുമൊന്നും ഫുട്ബാൾ ദൈവത്തെ സംബന്ധിച്ചിടത്തോളം ആ നഷ്ടം നികത്താൻ പര്യാപ്തമായിരുന്നില്ല. നഷ്ടപ്പെട്ടത് ഒന്നും രണ്ടുമല്ല.  ആയിരം കുപ്പി വീഞ്ഞായിരുന്നു. അതും അതി വിശിഷ്ടമായ ഇറ്റാലിയൻ വീഞ്ഞ്. കോടികൾ ഒഴുക്കിയാൽ പോലും ലഭിക്കാത്ത പലതുണ്ട് ലോകത്തിൽ. ഏറെക്കുറെ അതുപോലൊന്ന്. ഇറ്റലിയെ പ്രമുഖ വീഞ്ഞ് വ്യാപാരിയായിരുന്നു ആ ഓഫർ മുന്നോട്ടുവെച്ചത്. ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടുന്നയാൾക്ക് വിശിഷ്ട സമ്മാനം. വിജയമുറപ്പിച്ചിരുന്ന അർജന്റീനൻ ടീമംഗങ്ങൾ ഫൈനലിനു മുമ്പെ മധുചഷകങ്ങൾ ഒരുക്കി വെച്ചിരിക്കണം. പക്ഷെ കളി അത്ര നിസ്സാരമല്ലെന്ന് അവർക്കറിയാമായിരുന്നു.

മറുവശത്ത് ജർമ്മനിയാണ്. ബെക്കൻ ബോവറുടെ ജർമ്മനി. ലോതർ മത്തേയൂസിന്റെ ജർമ്മനി. പക്ഷെ അർജന്റീന തകർത്തുകളിച്ചു. തിമിർത്തുകളിച്ചു. 23)o മിനുട്ടിൽ ജോസ് ലൂയി ബ്രൗൺ ആണ് അർജൻറീനയ്ക്കു വേണ്ടി ഗോൾ വല ചലിപ്പിച്ചത്.ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 1 - 0. രണ്ടാം പകുതി തുടങ്ങുമ്പോൾ ഗോൾ മടക്കാനായി പരക്കം പായുന്ന ജർമ്മനിയെയാണ് കണ്ടത്. പക്ഷെ 10 മിനുട്ടിനുള്ളിൽ ജോർജ് വാൽഡാനോ ജർമ്മൻ ബോക്സിലേക്ക്‌ നിറയൊഴിച്ചു. ഈ സമയമത്രയും മറഡോണ നാലു ജർമ്മൻ ഡിഫൻഡർമാരാൽ ഗംഭീരമായി മാർക്കു ചെയ്യപ്പെട്ട നിലയിൽ. സ്കോർ 2-0. എഴുപത്തിനാലാം മിനുട്ടിൽ ജർമ്മനി ഗോൾ മടക്കുന്നു. അടിച്ചത് കാൾ ഹെയ്ൻസ് റുമ നിഗ്ഗെ. എൺപതാം മിനുട്ടിൽ അർജൻറീനൻ ആരാധകരെ ഞെട്ടിച്ച് രണ്ടാമത്തെ ഗോൾ. അതെ റൂഡി വോളർ തന്നെ. പരിഭ്രാന്തരായ അർജൻറീനയെയാണ് പിന്നീട് കണ്ടത്. ഫുട്ബാൾ ദൈവം ഭീകരമായ മാർക്കിംഗിനു വിധേയമായി നിൽക്കുന്നു. വിധി നിർണയിക്കപ്പെടാൻ പത്തു മിനുട്ടുകൂടി മാത്രം. ആ കുറിയ കാലുകൾ പക്ഷെ മാന്ത്രികമായി ചലിച്ചു. ലോതർ മത്തേയൂസ് ഒരുക്കിയ പ്രതിരോധക്കെണി ഭേദിച്ച് ഡീഗോ മുന്നോട്ട്. അദ്ദേഹം മറിച്ചുനൽകിയ പന്ത് മിഡ്ഫീൽഡറായിരുന്ന ജോർജ് ബുറുച്ചാഗയുടെ ബൂട്ടിൽ. കളി തീരാൻ മിനുട്ടുകൾ മാത്രം. ജർമ്മനി മാത്രമല്ല ലോകം മുഴുവൻ ഞെട്ടി. അവസാന നിമിഷങ്ങളിലെ അവിസ്മരണീയ ഗോൾ. അടിച്ചത് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന മിഡ്ഫീൽഡർ ബുറുച്ചാ ഗ്വ. കപ്പ് അർജന്റീനക്ക് സ്വന്തം. ലോകം മറഡോണക്ക് സ്വന്തം. വിശിഷ്ടമായ ആയിരം കുപ്പി ഇറ്റാലിയൻ വീഞ്ഞ് ബുറുച്ചാഗ്വക്ക് സ്വന്തം. എങ്ങനെ കണ്ണീരണിയാതിരിക്കും ഡീഗോ .

കളിയിലുടനീളം മറഡോണയുടെ നിഴലായിരുന്നു ബുറുച്ചാ ഗ്വ. ബാറ്റ്മാന് റോബിൻ പോലെ. മാൻഡ്രേക്കിന് ലോതർ പോലെ. ഡോൺ ക്വിക് സോട്ടിന് സാഞ്ചോ പാൻസ പോലെ. ഒരു കുപ്പി യെങ്കിലും കൊടുക്കാതിരിക്കുമോ പാർത്ഥൻ. പക്ഷെ ആ ആയിരം കുപ്പിയുടെ നഷ്ടം എന്നും മറഡോണയുടെ മനസ്സിലുണ്ടായിരുന്നു. പിന്നീട് തന്റെ തീൻമേശയിൽ നിറഞ്ഞ ചഷകങ്ങളൊന്നും അതിനു പകരമാവില്ല എന്ന തിരിച്ചറിവ്. മരിജുവാനയും ഇടുക്കി ഗോൾഡുകളും ഹവാന ചുരുട്ടും തേടി നടക്കുന്ന മറഡോണയെ മാത്രമേ ലോകത്തിനറിയൂ. അദ്ദേഹം അതിലൂടെയൊക്കെ തേടിയിരുന്നത് ആ ഇറ്റാലിയൻ വീര്യമായിരുന്നെന്ന് എത്ര പേർക്കറിയാം?