കസാനിൽ ഫ്രഞ്ച് ഗോൾമഴ; മെസ്സിപ്പട പുറത്ത്

#

കസാൻ(30-06-2018): റഷ്യ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ 3നെതിരെ 4 ഗോളുകൾക്ക് കീഴ്പ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിലെത്തി.അന്റോണിയോ ഗ്രീസ്മാൻ സ്കോറിംഗ് തുടങ്ങിയ കളികളൊന്നും തോറ്റിട്ടില്ലെന്ന ഫ്രഞ്ച് റെക്കോഡ് തിരുത്താൻ സാംപോളിയുടെ തന്ത്രങ്ങൾക്കായില്ല.

അർജന്റീനയുടെ മുന്നേറ്റത്തോടെയായിരുന്നു കളിതുടങ്ങിയത്. എന്നാൽ എട്ടാം മിനിട്ടിൽ പെരസ് വരുത്തിയ ഫൗളിൽ ഫ്രാൻസ് കളിയിലേക്കുവന്നു. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഗോളിലേക്ക് മൂളിപ്പറന്നെങ്കിലും ക്രോസ് ബാർ അർജന്റീനയുടെ രക്ഷയ്ക്കെത്തി. പന്ത്രണ്ടാം മിനിട്ടിൽ മാർക്കസ് റോഹോ വരുത്തിയ അനാവശ്യ ഫൗളിൽ ഫ്രാൻസിന് പെനാൽറ്റി കിക്ക് ലഭിച്ചു.കിക്കെടുത്ത ഗ്രീസ് മാൻ ഗോളിയെ അനായാസം കീഴ്പ്പെടുത്തി ഫ്രാൻസിന് ലീഡ് നൽകി. സമനിലയ്ക്കു വേണ്ടി അലറി വിളിച്ച ആരാധകർക്കായി ഡി മരിയ നാല്പത്തിയൊന്നാം മിനിട്ടിൽ ഗോൾ നേടി .35 വാര അകലെ നിന്നും ഡി മരിയ നേടിയ ഗോൾ റഷ്യൻ ലോകകപ്പിലെ അതിസുന്ദര ഗോളുകളിൽ ഒന്നായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ സ്കോർനില 1-1.

രണ്ടാം പകുതിയിൽ നാല് പത്തിയെട്ടാം മിനിട്ടിൽ മെസ്സിയുടെ ഷോട്ടിൽ മർക്കാഡോയുടെ ഡിഫ്ലക്ഷൻ വലയിലേക്ക് കയറുമ്പോൾ ഫ്രഞ്ച് ഗോളി കാഴ്ചക്കാരനായി . അർജന്റീനയ്ക്ക് ലീഡ് 2-1. സമനിലയ്ക്കായി ആഞ്ഞു പൊരുതിയ ഫ്രാൻസിനായി തന്റെ കരിയറിലെ നാലാമത്തെ ഗോളിലൂടെ ബഞ്ചമിൻ പവാർഡ് അർജന്റീനയെ തളയ്ക്കുമ്പോൾ മത്സരം 57 മിനിട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. അറുപത്തിനാലാം മിനിട്ടിൽ അർജന്റീനിയൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത് വലയിലെത്തിച്ച് എംബാപെ മെസ്സിയുടെ സംഘത്തെ ഞെട്ടിച്ചു. മത്സരത്തിന്റെ അറുപത്തിയെട്ടാം മിനിട്ടിൽ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി ഒളിവർ ജിറൂഡ് തളികയിലെന്നവണ്ണം വച്ചുനീട്ടിയ പന്തിനെ വലയിലേക്ക് പായിച്ച് എംബാപെ തന്റെ രണ്ടാം ഗോൾ നേടിയപ്പോൾ ഫ്രാൻസ് 4 - 2 ന് മുന്നിലെത്തി. പകരക്കാരനായി കളത്തിലിറങ്ങിയ സെർജിയോ അഗ്യൂറോ ഇൻജുറി ടൈമിൽ അർജന്റീനയ്ക്കായി മൂന്നാം ഗോൾ നേടിയെങ്കിലും ഒരു തിരിച്ചു വരവിന് സമയം അവശേഷിച്ചിരുന്നില്ല.