സർക്കാർ തെറ്റ് മറയ്ക്കാൻ എന്നെ ബലിയാടാക്കി; മരണസംഖ്യ ഇതിലുമേറെ: കഫീൽ ഖാൻ

#

ന്യൂഡല്‍ഹി(1-07-2018): യോഗി സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി വെളിപ്പെടുത്തലുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍. ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നു 63 കുട്ടികള്‍ മരിച്ച അതേസമയം തന്നെ പത്തോളം മുതിര്‍ന്നവരും മരിച്ചിരുന്നുവെന്ന് കഫീല്‍ ഖാന്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ആ രാത്രി മെഡിസിന്‍ വിഭാഗത്തില്‍ പത്തു മുതിര്‍ന്നവര്‍ മരിച്ചിരുന്നുവെന്നും സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് മറയ്ക്കാന്‍ തന്നെ ബലിയാടാക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഏപ്രിലിലാണ് കഫീല്‍ ഖാനെ പുറത്ത് വിട്ടത്. കഴിഞ്ഞ മാസം തന്റെ സഹോദരനെതിരായി നടന്ന ആക്രമണം അപകടമല്ലായിരുന്നുവെന്നും കൊലപാതക ശ്രമമായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

തന്റെ സഹോദരനുള്ള ചികിത്സ വൈകിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് ആക്രമികള്‍ക്ക് ശേഷം യുപി പൊലീസും കൊലപാതകത്തിന് ശ്രമിച്ചെന്ന് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികള്‍ മരിച്ച സംഭവത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിയോ എന്നു ചോദിച്ച തന്നോട് നീ ഹീറോ ആയെന്നാണോ കരുതുന്നത് നിന്നെ ഞാന്‍ കണ്ടോളാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.