എസ്.എഫ്.ഐ പ്രവർത്തകന്റെ വധം ; പ്രതിഷേധം വ്യാപകം

#

കൊച്ചി (02-07-18) :  ഇന്നലെ രാത്രി എറണാകുളം മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ എസ‌്എഫ‌്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കി.

മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരും പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർഥിസംഘടനയായ ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകരും തമ്മിൽ പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.  ഇടുക്കി വട്ടവട സ്വദേശിയും എസ‌്എഫ‌്ഐ  ജില്ലാകമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട അഭിമന്യു. മഹാരാജാസ് കോളേജിൽ ബി.എസ്.സി (കെമിസ്ട്രി) രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

ആക്രമണത്തിൽ എസ്.എഫ്.ഐ പ്രവർത്തകരായ അർജുൻ, വിനീത‌് എന്നിവർക്ക് പരിക്കേറ്റു. ഇതിൽ അർജുന്റെ നില ഗുരുതരമാണ‌്. മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിൽ വെന്റിലേറ്റിലുള്ള അർജുൻ അപകടനില തരണം ചെയ്തിട്ടില്ല. 3 ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു..കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ‌് എന്നിവരെയാണ‌് അറസ്റ്റ് ചെയ്തത‌്.

അഭിമന്യുവിന്റെ മൃതദേഹം ഇപ്പോൾ മഹാരാജസ്‌ കോളേജിൽ പൊതുദർശനത്തിന്‌ വെച്ചിരിക്കുകയാണ്. ഉച്ചയ്ക്കുശേഷം മൃതദേഹം സ്വദേശമായ ഇടുക്കി വട്ടവടയിലേക്ക് കൊണ്ടുപോകും. വട്ടവടപഞ്ചായത്തിൽ ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ ഹർത്താൽ ആചരിക്കുകയാണ്.