അഭിമന്യുവിന്റെ വധം ആസൂത്രിതം : സി.പി.എം, ഡിവൈഎഫ്ഐ

#

തിരുവനന്തപുരം (02-07-18) :  മഹാരാജാസ്‌ കോളേജിൽ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊന്ന സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.  ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നത തലത്തിലുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് കോടിയേരി ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ് എഫ് ഐ വളര്‍ന്നുവന്നതില്‍ അസഹിഷ്ണുതപൂണ്ട വിധ്വംസകശക്തികളാണ് ഈ ആക്രമണത്തിന് പിറകിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലീം ഭീകരവാദ സംഘടനയായ എസ് ഡി പി ഐയില്‍പ്പെട്ടവരാണ് ഈ പാതകത്തിന് പിന്നിലുള്ളതെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മുപ്പത്തിമൂന്നാമത്തെ എസ് എഫ് ഐ പ്രവര്‍ത്തകനാണ് കേരളത്തില്‍ കൊലചെയ്യപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചുകയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയതെന്ന് പറഞ്ഞ കോടിയേരി, അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണമെന്ന് ആഹ്വാനം ചെയ്തു.

ആസൂത്രിതമായ ആക്രമണവും കൊലപാതകവുമാണ് ഇന്നലെ ഉണ്ടായതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നവാഗതരെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കോളജിലേക്ക് ഇരച്ചു കയറി അക്രമം നടത്തിയതെന്നും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകളുൾപ്പെടെ അക്രമി സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് എറണാകുളം ജില്ലയിൽ ക്യാമ്പസിൽവെച്ച് വിദ്യാർത്ഥി നേതാവ് കൊല്ലപ്പെടുന്നത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ക്യാമ്പസുകളിൽ ഏകപക്ഷീയമായ ആക്രമണമാണ് പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ ക്രിമിനൽ സംഘം നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ആക്രമണം ആസൂത്രണം ചെയ്ത മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും  ക്യാമ്പസുകളെ കുരുതിക്കളമാക്കാനുള്ള മത മൗലികവാദ, തീവ്രാവാദ സ്വഭാവമുള്ള സംഘടനകളുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.