അഭ്രപാളിയിലെ പെൺപോരാളികളോടൊപ്പം അരങ്ങിലെ പെൺപോരാളികൾ

#

പയ്യന്നൂർ (02.07.2018) : നാടക ചരിത്രത്തിൽ തന്നെ പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ട ഒരു പരിപാടി ഇന്ന് വൈകുന്നേരം പയ്യന്നൂരിൽ സംഘടിപ്പിയ്ക്കപ്പെടുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വനിതാ നാടകപ്രവർത്തകർ, നാടക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര മേഖലയിൽ ചൂഷണം നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെരുവിലിറങ്ങുന്നു.

സമൂഹം ഇരകൾ എന്ന് വിശേഷിപ്പിക്കുന്നവരെ അതിജീവിച്ചവർ എന്നാണ് തങ്ങൾ വിളിക്കുക എന്ന് നാടക് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ജെ.ശൈലജ പറഞ്ഞു. ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ചവർക്കൊപ്പം നിലകൊള്ളുന്നു എന്ന മുദ്രാവാക്യമുയർത്തിയാണ് പയ്യന്നൂരിൽ നാടക് പ്രവർത്തകർ പ്രതിഷേധിയ്ക്കുന്നത്. സ്വന്തം സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തിറങ്ങിയ വനിതാ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് നാടകിന്റെ ആഭിമുഖ്യത്തിൽ സ്ത്രീനാടകപ്രവർത്തകർ.

തൊഴിലിടങ്ങളിലെ തുല്യനീതിക്കും, ലിംഗ പദവിക്കും വേണ്ടി, ഫ്യൂഡൽ - മാടമ്പി - പുരുഷാധിപത്യ മേൽക്കോയ്മക്കെതിരെ പ്രതികരിച്ച് സ്ത്രീകൾ നടത്തുന്ന സമരത്തെ സ്ത്രീകൾ മാത്രമല്ല സമൂഹം ഒന്നാകെ പിന്തുണയ്ക്കണമെന്ന് ശൈലജ പറഞ്ഞു. അരങ്ങിലെ സ്ത്രീശക്തിയുടെ സംഘടിത മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മുഴുവൻ നാടകപ്രവർത്തകരെയുംപയ്യന്നൂർഗാന്ധി പാർക്കിൽ നിന്നാരംഭിച്ച് പഴയ ബസ്റ്റാന്റിൽ സമാപിക്കുന്ന പരിപാടിയിലേക്ക് നാടക് ക്ഷണിച്ചു.