അതിജീവിച്ചവൾക്കൊപ്പം അരങ്ങിലെ സ്ത്രീകൾ

#

കണ്ണൂർ (03.07.2018) : സിനിമാനടീനടന്മാരുടെ സംഘടനയായ എ.എം.എം.എ എടുത്ത തെറ്റായ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് നാടക പ്രവർത്തകരുടെ സംഘടന നാടക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ നാടകപ്രവർത്തകർ ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തൊഴിലിടങ്ങളിലെ തുല്യ നീതി, സുരക്ഷിതത്വം, സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുക, ഫ്യൂഡൽ പുരുഷാധിപത്യ പ്രവണതകൾക്കെതിരെ എന്നീമുദാവാക്യങ്ങളുയർത്തി , "അതിജീവിച്ചവൾക്കൊപ്പം" എന്ന് പ്രഖ്യാപിച്ച പരിപാടി പയ്യന്നൂർ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നാരംഭിച്ച് പഴയ ബസ്റ്റാന്റിൽ സമാപിച്ചു. മുതിർന്ന നാടക പ്രവർത്തക ഭാനുമതി, ഒറ്റയാൾ നാടകാവതരണത്തിലൂടെ ഗിന്നസ് നോമിനേഷൻ നേടിയ സംഗീത നാടക അക്കാദമി അവാർഡു ജേതാവ് രജിതാ മധു, മികച്ച അഭിനേത്രിക്കുള്ള സംഗീത നാടക അക്കാദമി പുരസ്ക്കാരം രണ്ടു തവണ നേടിയ മിനിരാധൻ , ഖസാക്കിന്റെ ഇതിഹാസത്തിലൂടെ പ്രശസ്തയായ ബാലാമണി ടീച്ചർ, പ്രശസ്ത അഭിനേത്രികളായ ഉഷ, ബോബി സുരേഷ്‌, സപ്ന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കേരളത്തിലെ സ്ത്രീ നാടകപ്രവർത്തകർ നേരിട്ട  സഹനത്തിന്റെയും സമരത്തിന്റെയും പാരമ്പര്യം ഉയർത്തിപ്പിടിച്ച കണ്ണൂരിലെ സ്ത്രീനാടകപ്രവർത്തകരെ നാടക് സംസ്ഥാനക്കമ്മിറ്റി അഭിനന്ദിച്ചു. തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം മുതൽ സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടുതന്നെയാണ് അരങ്ങിലെ സ്ത്രീ സമൂഹം മുന്നോട്ടുവന്നിട്ടുള്ളത്. അതിനവർക്ക് ഭ്രഷ്ടും ഒറ്റപ്പെടുത്തലും അരങ്ങിൽ അഭിനയിച്ചു കൊണ്ടിരിക്കെത്തന്നെ കായിക ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഏറുകൊണ്ട് നെറ്റി പൊട്ടി ചോര വായിലേക്കൊഴുകുമ്പൊഴും സ്വന്തം ചോരയുടെയും വിയർപ്പിന്റെയും രുചി വായിൽ അറിയുമ്പോഴും ധീരോദാത്തമായി അരങ്ങിലാടിയിട്ടുണ്ട് കേരളത്തിന്റെ സ്ത്രീ നാടക പോരാളികൾ. ആ ചരിത്രത്തിന് തെരുവിൽ ഒരു തുടർച്ച രചിച്ചിരിക്കുകയാണ് പയ്യന്നൂരിൽ കണ്ണൂരിലെ സ്ത്രീ നാടകപ്രവർത്തകർ എന്ന് നാടക് സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു..