വസന്തകോകിലത്തെ ഓർക്കുമ്പോൾ

#

(03-07-18) : കർണ്ണാടക സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത മധുരോപഹാരങ്ങൾ നൽകി മണ്മറഞ്ഞ എം.എൽ.വസന്തകുമാരിയുടെ തൊണ്ണൂറാം ജന്മവാർഷികമാണ് ജൂലൈ 3. രാഗവിസ്താരങ്ങളിലെ സൂക്ഷ്മതയും സങ്കീർണ്ണമായ താളവിന്യാസത്തിലെ വിസ്മയകരമായ തന്മയത്വവും നിറഞ്ഞ അവരുടെ ആലാപനങ്ങൾ കർണ്ണാടക സംഗീതലോകത്തെ ചക്രവർത്തിമാരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിക്കും ഡി.കെ.പട്ടമ്മാളിനുമൊപ്പം സംഗീതത്തിലെ സ്ത്രീ-ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുമ്പോഴും മാസ്മരികമായ മനോധർമ്മത്തിന്റെ സാങ്കേതികതയിലും കയ്യടക്കത്തിലും ജ്ഞാനത്തിലും ആലാപനത്തിന്റെ മാധുര്യത്തിലും മറ്റു രണ്ടുപേരെക്കാളും ഒരുപടി മുന്നിലായിരുന്നു എം.എൽ.വി എന്ന ചുരുക്കപേരിൽ ആസ്വാദകർ ആരാധനയോടെ വിളിക്കുന്ന വസന്തകുമാരി എന്നാണ് അവരുടെ ആരാധകൻ എന്ന നിലയിൽ എന്റെ വിശ്വാസം.

സംഗീതത്തിന്റെ വായ്ത്താരികൾനിറഞ്ഞ കുടുംബത്തിലായിരുന്നു എം.എൽ.വിയുടെ പിറവി. പ്രമുഖ സംഗീതജ്ഞരായിരുന്ന കുത്തനൂർ അയ്യാസ്വാമി അയ്യരുടേയും ലളിതാംഗിയുടേയും മകളായി 1928 ജൂലൈ 3ന് ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രവിശ്യയിലാണ് അവർ ജനിച്ചത്. എം.എൽ.വിയുടെ ജീവിതത്തെ മാറ്റിമറിച്ചത് സാക്ഷാൽ ജി.എൻ.ബാലസുബ്ര്യമണ്യമെന്ന പ്രതിഭാധനനായ സംഗീതജ്ഞനായിരുന്നു. എം.എൽ.വി തൻറെ പതിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ കച്ചേരിനടത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ജി.എൻ.ബി അവരുടെ അസാധാരണമായ ആലാപനം ശ്രദ്ധിക്കുകയും അവരെ ശിഷ്യയായി സ്വീകരിക്കുകയും ചെയ്തു. അവരിലെ പ്രതിഭയെ വേണ്ടവിധത്തിൽ പ്രോജ്ജ്വലിപ്പിച്ച അദ്ദേഹം ശിഷ്യയുടെ അറിവിലും മനോധർമ്മത്തിലും തികഞ്ഞ വിശ്വാസവും ആദരവും പ്രകടിപ്പിച്ചു. തന്നിൽനിന്നും സംഗീതത്തിന്റെ അറിവുകൾ സ്വാംശീകരിച്ച് തന്റേതായ വഴി കണ്ടെത്തിയ പ്രതിഭ എന്നാണ് അദ്ദേഹം എം.എൽ.വിയെക്കുറിച്ച് പറഞ്ഞത്.

കച്ചേരിക്കുള്ള യാത്രകളിൽ കാറിലിരുന്ന് മനോധർമ്മം ശീലിക്കുന്ന എം.എൽ.വിയെക്കുറിച്ച് പലരും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്. കൗതുകത്തോടെയും ആകാംക്ഷയോടുമല്ലാതെ അവരുടെ കച്ചേരിയിൽ പക്കമേളക്കാർക്ക് ഇരിക്കാൻ കഴിയുമായിരുന്നില്ല. അത്ര സൂക്ഷ്മമായ മനോധർമ്മമായിരുന്നു അവരുടേത്. എം.എൽ.വിയുടെ പ്രശസ്തശിഷ്യയായ സുധാരഘുനാഥൻ ഇതിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് തന്റെ പന്ത്രണ്ടുവർഷത്തെ ശിക്ഷണത്തിനിടയിൽ ഒരിക്കൽപോലും അമ്മ ( എം.എൽ.വി ) വീട്ടിലിരുന്നു സാധകം ചെയ്യുന്നത് കണ്ടിട്ടേയില്ല എന്നാണ്. അവരെ അത്ഭുതപ്പെടുത്തിയ ഒരു സംഗതി ഒരിക്കൽ ഒരു കച്ചേരിയ്ക്ക് പോകുംവഴി കാറിലിരുന്ന് എം.എൽ.വി ഒരു പല്ലവി ചിട്ടപ്പെടുത്തിയ കാര്യമാണ് .കച്ചേരി നടക്കുന്ന ഇടം കല്യാണസ്ഥലമോ സംഗീതസഭയോ ക്ഷേത്രാങ്കണമോ എവിടെ ആയാലും കൃതഹസ്തയായ ആ സംഗീതജ്ഞ ആസ്വാദകരുടെ ശ്രദ്ധ തന്റെ ഗാനത്തിലേക്ക് ആകർഷിക്കാൻപോന്ന കയ്യടക്കമുള്ള ആളായിരുന്നു !

ശ്രുതിഭേദം വരുത്തി നിമിഷങ്ങൾക്കുള്ളിൽ പല്ലവികൾ പാടാനുള്ള എം.എൽ.വിയുടെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു. ഒരുകാലത്തും ചോദ്യം ചെയ്യപ്പെടാൻ ഇടയില്ലാത്ത സംഗീതലോകത്തിന്റെ മഹാറാണിയാണ് എം.എൽ.വി എന്നാണ് സുധാരഘുനാഥൻ ഗുരുവിനെക്കുറിച്ച് അഭിമാനത്തോടെ പറയുന്നത്. സ്ത്രീകളുടെ കച്ചേരിക്ക് പക്കമേളത്തിൽ പങ്കെടുക്കുകയില്ല എന്ന ശാഠ്യമുണ്ടായിരുന്ന മൃദംഗവിദ്വാൻ സാക്ഷാൽ പാലക്കാട്ട് മണിഅയ്യർ എം.എൽ.വിക്ക് വേണ്ടി മൃദംഗം വായിച്ചപ്പോൾ പറഞ്ഞത് അവർക്ക് വേണ്ടി കൊട്ടാതെ തന്റെ സംഗീതസപര്യ പൂർണ്ണമാകില്ല എന്നായിരുന്നു. അതായിരുന്നു എം.എൽ.വി ! പുരന്ദരദാസകൃതികളുടെ ഉപാസകയായിരുന്ന അമ്മ ലളിതാംഗിയുടെ സ്വാധീനമെന്നോണം എം.എൽ.വിയും പിൽക്കാലത്ത് പുരന്ദരദാസകൃതികൾ തന്റെ കച്ചേരികളിൽ കൂടുതൽഉൾപ്പെടുത്തുകയും തന്റെ സിദ്ധിയിലൂടെ അവയ്ക്ക് പുതുജീവൻ നൽകുകയും ചെയ്തു.

സംഗീതജ്ഞ എന്ന നിലയിൽ മാത്രമല്ല ചലച്ചിത്രപിന്നണിഗായിക എന്നനിലയിലും അവർ ഖ്യാതി നേടി . ഭാരതീയാരുടെ "ചിന്നൻചിരു കിളിയേ:" എന്ന ഒറ്റഗാനം മാത്രം മതി ചലച്ചിത്രഗാനലോകത്തെ അവരുടെ ലബ്ധപ്രതിഷ്‌ഠയ്ക്ക് ! എം.എൽ.വി ആലപിച്ച ഭരതനാട്യപദങ്ങളുടെ കാര്യംകൂടി പറയാതെവയ്യ. രാജ്യത്തെ നർത്തകർക്കിടയിൽ വലിയ പ്രചാരമാണ് അതിനു ലഭിച്ചത്. നൃത്തത്തിന് അനുഗുണമായ തലത്തിൽ താളങ്ങളുടെ സൂക്ഷ്മസമ്മേളനങ്ങൾ നിറഞ്ഞ അവയുടെ സൗന്ദര്യം അത്രമേൽ സ്തുത്യർഹവും എക്കാലത്തും മാറ്റോടുകൂടി നിൽക്കുന്നതുമാണ്. തമിഴ്,തെലുങ്ക്, കന്നഡ ഇംഗ്ളീഷ് തുടങ്ങിയ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ അവർക്ക് കഴിയുമായിരുന്നു. കീർത്തനങ്ങളുടെ അർത്ഥം ഗ്രഹിക്കാനുള്ള അവരുടെ ഇച്ഛാശക്തിയും സമർപ്പണബോധവും എടുത്ത്പറയേണ്ടതുമാണ്.

ആ മഹാസംഗീതജ്ഞയുടെ ഓർമ്മകൾക്ക്മുന്നിൽ സംഗീതപ്രണാമം.