എഎംഎംഎ യുടെ അവ്യക്തതയെ ചോദ്യം ചെയ്ത് ഡബ്ല്യൂസിസി

#

(03.07.2018) : തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങൾ നല്കിയ കത്തിന് എഎംഎംഎ എക്സിക്യൂട്ടീവ് മറുപടി നല്കിയെങ്കിലും വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ, എപ്പോൾ ചർച്ച ചെയ്യുമെന്നോ, ആരൊക്കെ ചർച്ചയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് ആ സംഘടന കത്ത് നല്കിയിരിക്കുന്നതെന്ന് ഡബ്ല്യൂസിസി. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഡബ്ല്യൂസിസി അറിയിച്ചു.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള എഎംഎംഎ നടപടിയിൽ പ്രതിഷേധിച്ച് രാജി വച്ച തങ്ങളുടെ സുഹൃത്തുക്കൾക്കും, അടിയന്തിരയോഗം കൂടി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യൂസിസി അംഗങ്ങളായ മറ്റ് സുഹൃത്തുക്കൾക്കും, എല്ലാ വിഭാഗം ജനങ്ങളും നല്കുന്ന പിന്തുണയ്ക്ക് ഡബ്ല്യൂസിസി നന്ദി പറഞ്ഞു.

സിനിമാ മേഖലയിലെ ചില സംഘടനകൾ തമ്മിലുള്ള പോര് എന്ന പതിവ് കേൾവിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാർദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവർത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് ഡബ്ല്യൂസിസിക്ക് കരുത്തു പകരുന്നതെന്നും സിനിമയും രാഷ്ട്രീയ പ്രവർത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവർത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.