സഖ്യത്തെച്ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

#

കൊല്‍ക്കത്ത (03-07-18) : 2019 ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് പശ്ചിമബംഗാളിലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്നും ഇടതുമുന്നണിയുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യം തുടരുകയാണ് വേണ്ടതെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയെ അറിയിച്ചു. എം.എല്‍.എമാര്‍, എം.പിമാര്‍, മുന്‍ എം.പിമാര്‍ എന്നിവരും മറ്റു മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ കണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കൂടിക്കാഴ്ചയുടെ തീയതി രാഹുല്‍ഗാന്ധി തീരുമാനിച്ചത്. കോണ്‍ഗ്രസ് എം.പിയായ അബു ഹസംഖാന്‍ ചൗധരി തൃണമൂല്‍ നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയ വിവരം യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചിരുന്നു. പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെ പലര്‍ക്കും ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കണമെന്നാണ് താല്പര്യമെങ്കിലും ലോക്‌സഭാംഗങ്ങള്‍ക്കും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് താല്പര്യം.