പോപ്പുലര്‍ ഫ്രണ്ടിന്റെ ഫാഷിസ്റ്റ് വിരുദ്ധത പുകമറ മാത്രം : കെ.ഇ.എന്‍

#

(03-07-18) : (എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തെയും അതുയർത്തുന്ന പ്രശ്നങ്ങളെയും കുറിച്ച് പ്രമുഖ ഇടത് ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.)

സംഭവിക്കാന്‍ പാടില്ലാത്ത ഒരു സംഭവമെന്ന് ഏതു ജനാധിപത്യവാദിയും ഒറ്റശ്വാസത്തില്‍ പറയുന്ന കാര്യമാണ് മഹാരാജാസ് കോളേജില്‍ സംഭവിച്ചത്. കേരളത്തിന്റെ ക്യാമ്പസുകള്‍ എന്നത് പ്രബുദ്ധമായ സംവാദങ്ങളുടെ വേദികളാകാന്‍ പ്രാപ്തി കൈവരിച്ച ഇടങ്ങളാണ്. അത്തരം ഒരു ക്യാമ്പസിന്റെ അകത്തളങ്ങളിലാണ് സമാനതകളില്ലാത്ത ക്രൂരത എന്ന് ഏതര്‍ത്ഥത്തിലും വിളിക്കാവുന്ന ഈ സംഭവം നടന്നിരിക്കുന്നത്. നവാഗതരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ക്യാമ്പസുകളില്‍ പലപ്പോഴും ചെറിയ രീതിയിലുള്ള കലഹങ്ങളും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പിണക്കങ്ങളുമൊക്കെ ഉണ്ടാകുന്നത് പതിവാണ്. എന്നാല്‍, മഹാരാജാസ് കോളേജില്‍ സംഭവിച്ചത് അത്തരത്തിലൊന്നല്ല. വളരെ ആസൂത്രിതമായ ഒരു കൊലയാണ് നടന്നതെന്നാണ് ലഭ്യമായ വിവരങ്ങള്‍ കൃത്യമായി തെളിയിക്കുന്നത്.

ഒറ്റക്കുത്ത് കൊണ്ട് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തുന്നതിന് പിന്നിലെ ആസൂത്രണവും വൈദഗദ്ധ്യവും കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം, അതിന്റെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്നതാണ്. ഇതില്‍ പങ്കുവഹിച്ചിട്ടുള്ളത് പോപ്പുലാര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്. ആ കോളേജുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത, കോളേജിലെ വിദ്യാര്‍ത്ഥികളോ രക്ഷകര്‍ത്താക്കളോ ഒന്നുമല്ലാത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. അതുകൊണ്ട് നവാഗതരെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച ഏതോ തര്‍ക്കമാണ് ഈ കൊലയ്ക്ക് കാരണമായതെന്ന് പറയുന്നത് മഹാരാജാസ് കോളേജില്‍ നടന്ന യാഥാര്‍ത്ഥ്യത്തെ മായ്ച്ച് കളയുന്നതിനു തുല്യമാണ്. വിവിധ ഘട്ടങ്ങളില്‍ കേരളത്തിന്റെ ക്യാമ്പസുകളില്‍ നടന്നിട്ടുള്ള പല തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള ഒരു വഴിത്തിരിവ് ഈ സംഭവത്തില്‍ കാണാന്‍ കഴിയും.

ക്യാമ്പസ് ഫ്രണ്ട് എന്ന് പറയുന്നത്, പോപ്പുലര്‍ ഫ്രണ്ട് എന്നു പറയുന്നത്, വളരെ തീവ്രവാദസ്വഭാവം പുലര്‍ത്തുന്ന, ജനാധിപത്യ മതേതര കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന, ആര്‍.എസ്.എസ് രീതിയില്‍ സൈനികവല്ക്കരണം നടത്തുന്ന ഒരു സംഘടനയാണ്. സൈനികവല്ക്കരണം നടത്തുന്ന ഏതു സംഘടനയും ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായിരിക്കും. അവര്‍ക്ക് നിരന്തരമായി ലഭിക്കുന്ന പരിശീലനം ഏതെങ്കിലും തരത്തില്‍ പ്രയോഗിക്കുക എന്നത് ഒരു അനിവാര്യതയാണ്. അതിന് ഇരകളെ കണ്ടെത്തുക എന്നത് അതിന്റെ ഒരു പ്രയോഗമുറയായി മാറുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നത് സാംസ്‌കാരിക പ്രബുദ്ധതയുടെ ഒരു ലോകത്തിലേക്കാണ് വികസിക്കേണ്ടത്. അതിനു പകരം പോപ്പുലര്‍ ഫ്രണ്ട് സൈന്യവല്ക്കരണത്തിലൂടെയാണ് അതിനു ശ്രമിക്കുന്നത്. സംഘപരിവാറിനെ സൈനികവല്കരണത്തിലൂടെ നേരിടുക എന്ന മുദ്രാവാക്യം മുന്നില്‍വച്ചുകൊണ്ടാണ് ജനാധിപത്യ മതനിരപേക്ഷ ആശയങ്ങള്‍ക്കും അതുയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും നേരേ ഈ ആക്രമണം നടത്തുന്നത്.

സൈനികവല്ക്കരണം കൊണ്ട് ഇന്ത്യന്‍ ഫാഷിസത്തെ നേരിടാന്‍ കഴിയില്ലെന്നത് 100 ശതമാനം വ്യക്തമാണ്. ഇന്ത്യന്‍ ഫാഷിസം സ്വയം സൈന്യവല്ക്കരണം നടത്തുക മാത്രമല്ല ചെയ്യുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക മേല്‍ക്കോയ്മയായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയും. ഒരു അദൃശ്യ ഭരണകൂടമായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയും. നമ്മുടെ മാധ്യമങ്ങളിലും സാമാന്യ ബോധത്തിലും നമ്മുടെ സായുധ സേനകള്‍ക്കിടയിലും ഉന്നത ഉദ്യോഗസ്ഥരിലും വമ്പിച്ച സ്വാധീനം ചെലുത്താന്‍ അതിനു കഴിയും. അത്തരത്തിലുള്ള ഇന്ത്യന്‍ ഫാഷിസത്തെ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ നേരിടാന്‍ കഴിയൂ. സംഘപരിവാറിനെ അനുകരിച്ചുകൊണ്ട്, അതിന്റെ ഒരു ഫോട്ടോകോപ്പിയായി തീര്‍ന്നുകൊണ്ട്, അല്ലെങ്കില്‍ ഐ.എസ് പോലുള്ള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ ഫോട്ടോകോപ്പിയായി പ്രവര്‍ത്തിച്ച് സംഘപരിവാറിനെ നേരിടാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്.

മഹാരാജാസ് കോളേജില്‍ നടന്ന സംഭവത്തെ എല്ലാ ജനാധിപത്യവാദികളും അപലപിക്കുകയും തീവ്രവാദ കാഴ്ചപ്പാട് പുലര്‍ത്തുന്ന ആശയങ്ങള്‍ക്കെതിരേ വിപുലമായ ഒരു ഐക്യനിര ഉയര്‍ന്നുവരികയുമാണ് വേണ്ടത്. ക്യാമ്പസിന്റെ ഏറ്റവും പ്രാഥമികമായ മുദ്രാവാക്യം, വിദ്യാഭ്യാസത്തിന്റെ തന്നെ ഏറ്റവും പ്രാഥമികമായ മുദ്രാവാക്യം ഒന്നിച്ചു ജീവിക്കാൻ കഴയുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്, യുനസ്‌കോ വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോള്‍ 4 തൂണുകളെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി പറയുന്നത് Learn to live together എന്നതാണ്. ജാതി മതങ്ങള്‍ക്ക് അപ്പുറം എല്ലാവരും തുല്യരാണ്, ഭാവിയുടെ മാനവികയുടെ പ്രതിനിധികളാണ് എന്ന ഉത്തമ ബോധ്യം ഉണ്ടാകുന്ന തരത്തില്‍ ഒന്നിച്ചു ജീവിക്കാനുള്ള അന്തരീക്ഷമാണ് ക്യാമ്പസുകളില്‍ ഉണ്ടാകേണ്ടത്. അഭിമന്യുവിനെയും അര്‍ജുനെയും അതുപോലെയുള്ള വിദ്യാര്‍ത്ഥികളെയും മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ഈ തൂണിനെയും കൂടിയാണ് മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ തകര്‍ത്തത്. അത് ജനാധിപത്യ പ്രതിരോധത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുമെന്ന് നാം തിരിച്ചറിയണം.

ഫാഷിസത്തിനെതിരേ പ്രവര്‍ത്തിക്കുന്നു എന്ന പുകമറ സൃഷ്ടിക്കുകയും ഫാഷിസത്തിനെതിരേ വിപുലമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയുമാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്. ഈ വധം ഒരു സാംസ്‌കാരിക ദര്‍പ്പണമാണ്. അഭിമന്യു വധത്തിന്റെ കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് കീഴാള ഐക്യത്തെക്കുറിച്ച് പറയാന്‍ പോപ്പുലര്‍ ഫ്രണ്ടിന് അവകാശമില്ല. ഏറ്റവും കീഴാളമായ ഒരു ജീവിതത്തിന്റെ പ്രതിനിധിയാണ് അഭിമന്യു. പോപുലർഫ്രണ്ട്‌ ചെയ്യുന്ന പ്രവൃത്തികളും പറയുന്ന കാര്യങ്ങളും തമ്മില്‍ ഒരു പൊരുത്തവുമില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ സമയത്ത് ഇടതുപക്ഷ സംഘടനകള്‍ ഇക്കാര്യം നിരവധി തവണ പറഞ്ഞതാണ്. "സ്വര്‍ഗ്ഗം കരഞ്ഞ നിമിഷം" എന്ന പേരില്‍ ഞാന്‍ ദേശാഭിമാനിയില്‍ ഒരു ലേഖനമെഴുതിയിരുന്നു. മതങ്ങളിലായാലും രാഷ്ട്രീയത്തിലായാലും തത്വചിന്തയിലായാലും വ്യത്യസ്ത അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. എപ്പോഴെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അതു സമ്മതിക്കണം. പകരം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ച്ചയായി നടത്തുന്നത്.

പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകത്തെ വിമർശിക്കുന്നവർക്ക് ഇസ്‌ലാമോഫോബിയയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായും തെറ്റാണ് ഇസ്‌ലാമോഫോബിയ ഒരു വസ്തുനിഷ്ഠ യാഥാർത്ഥ്യമാണ്. ഇസ്‌ലാമോഫോബിയയ്ക്ക് എതിരെ ജനാധിപത്യ മതനിരപേക്ഷ വാദികൾ പ്രതികരിക്കുകയും അതിനെതിരെ ആശയസമരം തുടരുകയും ചെയ്യുന്നുണ്ട്. അത് തുടരേണ്ടതുമാണ്. ഈ സംഭവത്തിൽ ഇസ്‌ലാം വാദിയോ പ്രതിയോ അല്ല. മതത്തെ മുൻനിർത്തി ഒരുതരം കൃത്രിമ വൈകാരികത സൃഷ്ടിക്കാനുള്ള ശ്രമം ജനാധിപത്യത്തിന് ഒരു ഗുണവും ചെയ്യില്ല. ഇവിടെ പ്രതി എസ്.ഡി.പി.ഐയുടെ വിദ്യാർത്ഥി സംഘടന എന്ന് വിളിക്കാവുന്ന ക്യാംപസ് ഫ്രണ്ടാണ്. എല്ലാ മാനവിക കാഴ്ചപ്പാട് പുലർത്തുന്നവരും ഇവിടെ അനിവാര്യമായും വാദികളാകും. ഈ ഫാഷിസ്റ്റ് അക്രമത്തിനെതിരെ അതിവിപുലമായ ഐക്യനിര ഉയർന്നുവരണം.