ഗോസംരക്ഷകരുടെ അതിക്രമം അംഗീകരിക്കാനാവില്ല: സുപ്രീം കോടതി

#

ന്യൂഡൽഹി(03-07-2018): ഗോസംരക്ഷണത്തിന്റെ പേരിൽ രാജ്യത്തു നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ലെന്നും അവ തടയാൻ അതതു സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി. ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന നരഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നേതാക്കളായ തുഷാർ ഗാന്ധി, തെസീൻ പൂനവല്ല എന്നിവർ സമർപ്പിച്ച ഹർജിയിലാണു കോടതിയുടെ ഉത്തരവ്.

"ആക്രമണങ്ങളെ ജാതിയും മതവുമായി ബന്ധിപ്പിക്കരുത്. ഇര എപ്പോഴും ഇര തന്നെയാണ്. നിയമം കയ്യിലെടുക്കാൻ ആർക്കും ആധികാരമില്ല"– കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.

ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളെ നിരീക്ഷിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നു കഴിഞ്ഞ സെപ്റ്റംബറിൽ സൂപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ തുടർ നടപടികളെ കുറിച്ചു കോടതി ആരാഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന നരഹത്യയ്ക്കു ദേശീയ തലത്തിൽ നയം രൂപികരിക്കണമെന്നു തുഷാർ ഗാന്ധിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് വാദിച്ചു. എന്നാൽ ക്രമസമാധാനം പരിപാലിക്കേണ്ടത് അതതു സംസ്ഥാനങ്ങളുടെ ചുമതലയാണെന്നു കോടതി നിരീക്ഷിച്ചു.