കൊളംബിയൻ കാർണിവൽ അവസാനിച്ചു .ഇംഗ്ലണ്ടിന് വിജയം

#

(04-07-18) : പെനാൽട്ടി ഷൂട്ടിട്ടിൽ  കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വീറും, വാശിയും, പരുക്കൻ അടവുകളും നിറഞ്ഞു നിന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് വിജയം.ഇംഗ്ലണ്ടിനായി മൂന്നാമത്തെ കിക്കെടുത്ത ഹെൻഡേഴ്സന്റെ ഷോട്ട് സേവ് ചെയ്ത് ഓസ്‌പിന കൊളംബിയയ്ക്ക് മുൻതൂക്കം നൽകിയെങ്കിലും കൊളംബിയയുടെ മാത്യൂസ് റിബെയുടെ അടി ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെവന്നു .

കൊളംബിയൻ താരം കാർലോസ് ബാക്കയുടെ സ്പോട്ട് കിക്ക് തടുത്ത ഗോളി പിക് ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചപ്പോൾ അവസാന കിക്ക് വലയിലെത്തിച്ച് എറിക് ഡയർ ഇംഗ്ലണ്ടിന് ക്വാർട്ടർ ഫൈനൽ ബർത്ത് സമ്മാനിച്ചു.

അമ്പത്തിനാലാം മിനിട്ടിൽ കാർലോസ് സാഞ്ചസ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റികിക്ക് ലക്ഷ്യത്തിലെത്തിച്ച് കെയ്ൻ തന്നെ ഇംഗ്ലണ്ടിന്  ലീഡ് നൽകി. റഷ്യ ലോകകപ്പിലെ തന്റെ ആറാം ഗോളാണ് ഹാരി കെയ്ൻ നേടിയത് .കളി  ഇംഗ്ലണ്ട് ജയിച്ചു എന്ന് കരുതിയിരിക്കെ ഇൻജുറി ടൈമിന്റെ അവസാന മിനിട്ടിൽ ഗോൾ നേടിയ യെറി മിനായാണ്  പ്രീ ക്വാർട്ടർ ഫൈനലിലെ അവസാന മത്സരത്തെ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീട്ടിയെടുത്തത്. കൊളംബിയൻ നിരയിൽ ഹമീഷ് റോഡ്രിഗസിന്റ അഭാവം മത്സരത്തിലുടനീളം പ്രകടമായിരുന്നു.