ഫാഷിസത്തെ തോല്പിക്കാൻ ക്യാമ്പസുകളെ രാഷ്ട്രീയവല്കരിക്കുക

#

(04-07-18) : ആത്യന്തികമായി, ബഹുസ്വരതയെ അംഗീകരിക്കാനും ഉൾക്കൊള്ളാനും കഴിയാതെപോകുമ്പോഴാണ് കലാലയവളപ്പുകൾ അക്രമങ്ങളുടെയും സംഘർഷങ്ങളുടെയും കലാപഭൂമികളായി മാറുന്നത്. ഇത് എല്ലാവരുടെയും ഇടമാണെന്ന, എല്ലാവർക്കുംകൂടിയുള്ള ഇടമാണെന്ന ജനാധിപത്യബോധം കൈമോശം വന്നുപോകുന്നയിടത്തുനിന്നാണ്  അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ മുളയ്ക്കുന്നത് . ഈ വിടവിലാണ് വർഗ്ഗീയ - തീവ്രവാദ സ്വഭാവമുള്ള കൂട്ടങ്ങൾ കാമ്പസുകളിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ചെടുക്കുവാൻ പരിശ്രമിക്കുന്നത്.

ഏറ്റവുമൊടുവിലിതാ എറണാകുളം മഹാരാജാസിൽ എസ്എഫ്ഐയുടെ നേതാവായിരുന്ന അഭിമന്യു എന്ന ദളിത് വിദ്യാർത്ഥി പോപ്പുലർ ഫ്രണ്ടുകാരുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. ക്യാമ്പസിലോ മറ്റോ പൊടുന്നനെയുണ്ടായ ഒരു സംഘർഷത്തിനിടയിൽ കൊലചെയ്യപ്പെട്ടതല്ല അഭിമന്യു എന്നുള്ളതാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. മനുഷ്യാവകാശ  സംരക്ഷണത്തിന് വേണ്ടി, ദളിത് മുന്നേറ്റത്തിന് വേണ്ടിയൊക്കെ വാതോരാതെ വർത്തമാനം പറയുന്നവർക്ക് എങ്ങിനെയാണ് തർക്കത്തിന്റെയോ അഭിപ്രായവ്യത്യാസങ്ങളുടെയോ  പേരിലായാലും, ജീവിതത്തിന്റെ വസന്തകാലത്തേയ്ക്ക് പിച്ചവെച്ചുനടക്കുവാൻ മാത്രം പാകമായിവരുന്നൊരു ദളിത് ചെറുപ്പക്കാരനെ ഇങ്ങനെ ആസൂത്രിതമായി അരുംകൊല ചെയ്യുവാൻ സാധിക്കുക? ഇവിടെയാണ് മനുഷ്യാവകാശ സംരക്ഷണത്തിന്റെയും ദളിത് പ്രേമത്തിന്റെയുമൊക്കെ മുഖംമൂടി അഴിഞ്ഞുവീഴുകയും വർഗ്ഗീയ ഭീകരതയുടെ തനിസ്വരൂപം വെളിപ്പെടുകയും ചെയ്യുന്നത്.

ആശയ സംവാദങ്ങൾക്കുള്ള ഇടങ്ങൾ കഠാരയും വടിവാളും കയ്യടക്കുമ്പോൾ  ശക്തിപ്പെടുക അരാഷ്ട്രീയതയും ഉയർന്നുവരിക അതിന്റെ അനുബന്ധവാദങ്ങളുമായിരിക്കും. കലാലയ രാഷ്ട്രീയം നാട്ടിലെ ഒട്ടേറെ കുടുംബങ്ങൾക്ക് തോരാക്കണ്ണീർ സമ്മാനിച്ചിട്ടുണ്ടെന്നും മറ്റുമുള്ള സാമാന്യവൽക്കരിക്കപ്പെട്ട മുറവിളികളാകും ഉയർന്നുകേൾക്കുക. വീണ്ടുവിചാരം നടത്തേണ്ടുന്നതിന്റെ, സ്വയം നവീകരിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടാൻ ഇനിയും വൈകിക്കൂടാ. കൈയ്യൂക്കിന്റെയും ആയുധബലത്തിന്റെയും പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടല്ല വിദ്യാർത്ഥികളെ സംഘടിപ്പിക്കേണ്ടതെന്ന്, തങ്ങളുടേത് മാത്രമായ പലതരം കോട്ടകൾ കെട്ടിയുയർത്തിയല്ല കലാലയങ്ങളെ ജനാധിപത്യവത്ക്കരിക്കേണ്ടതെന്ന് ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. കലാലയമുറ്റങ്ങളിൽ നിന്നും വർഗ്ഗീയ - തീവ്രവാദ സംഘങ്ങളെ അകറ്റിനിർത്തുവാൻ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ യോജിച്ച ഐക്യനിര രൂപപ്പെടണമെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന എല്ലാവർക്കും കൂടിയുള്ളതാണ് നമ്മുടെ കലാലയവളപ്പുകളും ക്ലാസ് മുറികളുമെന്നും ഇനിയും വിസ്മരിച്ചുകളയുവാൻ പാടില്ല.

ബഹുസ്വരതയെ ഉൾക്കൊള്ളുന്ന, ജനാധിപത്യം പുലരുന്ന സഹിഷ്ണുതയുടെ, നന്മകളുടെ, സൗഹൃദങ്ങളുടെ, സർഗ്ഗാത്മകതയുടെ, വിപ്ലവത്തിന്റെ കലാലയവളപ്പുകളെ നമുക്ക് തിരികെ നേടിയെടുത്തെ മതിയാകൂ. തക്കം പാർത്തിരിക്കുന്നത് അരാഷ്ട്രീയവാദ, വർഗ്ഗീയ, കച്ചവട, അരാജകത്വ തൽപ്പരകക്ഷികളാണ്. ഇന്നലെകൾ പകർന്നുനൽകിയ പാഠങ്ങളും ഇന്ന് നമുക്ക് നൽകുന്ന സൂചനകളും ഉൾക്കൊണ്ട് പുതിയൊരു കലാലയസംസ്ക്കാരത്തിന്, വിദ്യാർത്ഥി സംഘടനാപ്രവർത്തന ശൈലിക്ക്  തുടക്കം കുറിക്കുവാൻ കഴിയണം. ജനാധിപത്യം പുലരുന്ന, സർഗ്ഗാത്മകതയും വിപ്ലവവും പൂക്കുന്ന നന്മകളാൽ സമ്പന്നമായ കലാലയങ്ങളെ സൃഷ്ടിച്ചെടുക്കുവാനുള്ള ബാധ്യതയും ഉത്തരവാദിത്വവും പുരോഗമനപക്ഷത്തെന്ന് അവകാശപ്പെടുന്നവരെങ്കിലും ഏറ്റെടുക്കുവാൻ വൈകുംതോറും ഛിദ്രശക്തികൾ നമ്മുടെ കലാലയവളപ്പുകൾക്കുള്ളിൽ ഇനിയും തുളച്ചുകയറി നാശത്തിന്റെ നാളുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.

നമ്മുടെ കലാലയങ്ങളെ തീക്ഷ്ണമായും സമ്പൂർണ്ണമായും രാഷ്ട്രീയ വല്കരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടാണ് നമ്മൾ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തോട് നീതി പുലർത്തേണ്ടത്. വടിവാളും കഠാരയുമല്ല, മസ്തിഷ്കവും ഹൃദയവുമാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആയുധങ്ങൾ. ആശയങ്ങളുടെ ആയുധം ധരിച്ച പോരാളികൾ കലവറയില്ലാത്ത ആശയ സമരങ്ങളുടെ കെട്ടഴിച്ചുവിട്ടുകൊണ്ട് നമ്മുടെ കലാലയങ്ങളെ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദികളാക്കട്ടെ. വർഗ്ഗീയതയും എല്ലാത്തരം ഭീകരവാദങ്ങളും അവിടെ തോറ്റോടുക തന്നെ ചെയ്യും.