ദിലീപ് ശ്രമിക്കുന്നത് വിചാരണ വൈകിപ്പിക്കാന്‍ : പോലീസ്

#

കൊച്ചി (04-07-18) : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് ദിലീപ് നടത്തുന്നതെന്ന് പോലീസ്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മജിസ്‌ട്രേട്ട് കോടതി മുതല്‍ ഹൈക്കോടതി വരെ 11 ഹര്‍ജികള്‍ ദിലീപ് നല്‍കിയെന്നും ഇതെല്ലാം വിചാരണ നീട്ടിവെയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു പോലീസ്.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയതെന്ന് പോലീസ് അറിയിച്ചു. ഏതു ഏജന്‍സി കേസ് അന്വിഷിക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ല. കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നല്‍കിയിട്ടുണ്ട്. പോലീസ് നല്‍കിയ വിശദീകരണത്തിന് മറുപടി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടു. കേസ് വീണ്ടും ജൂലൈ 23 ന് പരിഗണിക്കും.