ചിന്ത ഒറ്റപ്പെട്ട പ്രതിഭാസമല്ല ; ഒരു പ്രതീകമാണ്

#

(04-07-18) : എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം സൃഷ്ടിച്ച നടുക്കം മാറിയിട്ടില്ല. എസ്.എഫ്.ഐയുടെയോ സി.പി.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്തവരുള്‍പ്പെടെ സാമാന്യ നീതിബോധവും മനുഷ്യത്വവുമുള്ളവരെല്ലാം ഈ അരുംകൊലയില്‍ ദുഃഖിതരും രോഷാകലരുമാണ്. 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ദരിദ്രനും ദളിതനുമായ ആ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ ക്രൂരമായി കൊലപ്പെടുത്തിയവരോടുള്ള രോഷവും ആ കുട്ടിയെ ഓര്‍ത്തുള്ള സങ്കടവും അണപൊട്ടുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍.

അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിനെ സാമൂഹ്യമായി ബഹിഷ്‌കരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിക്കണമെന്നുമുള്ള ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. അതിനിടയില്‍ യുവജനകമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ഒരു ഫെയ്‌സ്ബുക് പോസ്റ്റ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. യുവജനക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആകുന്നതുവരെ എസ്.എഫ്.ഐയുടെ സജീവ നേതൃത്വത്തിലുണ്ടായിരുന്നയാളാണ് കേരള സര്‍വ്വകലാശാല യൂണിയന്റെ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ചിന്ത.

"സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ... ഹൃദയം നീറുന്നു..." ഇതാണ് ചിന്തയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. എസ്.എഫ്.ഐ എന്ന് ചിന്ത പറയുന്നില്ല പകരം ഒരു വിദ്യാര്‍ത്ഥി സംഘടന എന്നാണ് പറയുന്നത്. സഖാവ് എന്ന വാക്കും ഉപയോഗിക്കുന്നില്ല. പ്രിയപ്പെട്ട സഖാവേ, ഹൃദയം നീറുന്നു എന്നല്ല, പ്രിയപ്പെട്ട സഹോദരാ ഹൃദയം നീറുന്നു എന്നെഴുതിയാണ് ചെറിയ കുറിപ്പ് ചിന്ത അവസാനിപ്പിക്കുന്നത്.

കൊല്ലപ്പെട്ട അഭിമന്യു പ്രവര്‍ത്തിച്ച സംഘടനയുടെ പേര് പറയുന്നതും സഖാവ് എന്ന് അഭിമന്യുവിനെ പരാമര്‍ശിക്കുന്നതും താൻ ഇപ്പോഴിരിക്കുന്ന സ്ഥാനത്തിന് ചേരുന്ന കാര്യങ്ങളല്ല എന്നാണ് ചിന്തജെറോം ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ തീര്‍ച്ചയായും കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടയാളാണ്. അതിന്റെ അര്‍ത്ഥം വസ്തുതകളോടുള്ള സത്യസന്ധതയും സ്വന്തം വിശ്വാസങ്ങളും അടിയറ വയ്ക്കണമെന്നല്ല. അഭിമന്യു എസ്.എഫ്.ഐക്കാരനായിരുന്നു എന്നത് വസ്തുതയാണ്.ചിന്ത കണ്ണടച്ചതുകൊണ്ട് അഭിമന്യു അതല്ലാതാകുന്നില്ല. സഖാവ് എന്നത് കക്ഷി രാഷ്ട്രീയത്തിന് അവകാശപ്പെട്ട ഒരു ചില്ലറ സംബോധനയല്ല.

അധികാരത്തിനും പദവിക്കും അവ നല്‍കുന്ന സൗകര്യങ്ങള്‍ക്കും മുന്നില്‍ സ്വന്തം ആദര്‍ശങ്ങളും വിശ്വാസങ്ങളും അടിയറ വയ്ക്കുന്നവരെയാണ് നമ്മള്‍ ചുറ്റിലും കാണുന്നത്. ചിന്താജെറോമിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വന്തം ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിച്ചുകൊണ്ട്, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും സങ്കുചിത കക്ഷി താല്പര്യങ്ങള്‍ക്കും അടിപ്പെടാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുമ്പോഴാണ് ഒരാള്‍ നല്ല പൊതുപ്രവര്‍ത്തകനോ പൊതു പ്രവര്‍ത്തകയോ ആകുന്നത്. അല്ലാതെ, സ്വാര്‍ത്ഥതാല്പര്യങ്ങളും സങ്കുചിത കക്ഷിതാല്പര്യങ്ങളും ഉള്ളില്‍ അടുക്കിവെച്ച് നിഷ്പക്ഷത നടിച്ച് പൊതു സമൂഹത്തിന്റെ കയ്യടി നേടാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

വര്‍ഗ്ഗീയ ഭീകരത ക്യാമ്പസുകളിലും കടന്നുകയറി തങ്ങളുടെ ഗൂഢപദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തുറന്നുകാട്ടാനുള്ള ആര്‍ജ്ജവമാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സുഖിപ്പിക്കല്‍ വര്‍ത്തമാനം നടത്തുന്നവര്‍ ഇടതുപക്ഷ രാഷ്രീയത്തിന്റെ മേല്‍വിലാസം അവകാശപ്പെടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം.