സുനന്ദ പുഷ്‌കര്‍ കേസ് : ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം

#

ന്യൂഡല്‍ഹി (05-07-18) : സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യ കേസില്‍ ശശി തരൂര്‍ എം.പി.ക്ക് ഡല്‍ഹി പട്യാലഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും വിദേശയാത്രയ്ക്ക്  പോകുന്നതിന് പട്യാലകോടതിയുടെ അനുമതി തേടണമെന്ന ഉപാധിയിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പാസ്‌പോര്‍ട് കെട്ടിവെയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല. തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പട്യാലഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് വിധി പ്രസ്താവിച്ചത്.

തരൂരിന് ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടുപോകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി അറസ്റ്റിന്റെയോ ചോദ്യം ചെയ്യലിന്റെയോ ആവശ്യം ഇല്ലെന്ന് തരൂര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തരൂരിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2014 ജനുവരി 14 നാണ് സുനന്ദപുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിനെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.