ബഞ്ച് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് : സുപ്രീംകോടതി

#

ന്യൂഡല്‍ഹി (06-07-18) : കേസുകള്‍ ഏതു ജഡ്ജി വാദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീം കോടതി. മുന്‍ നിയമമന്ത്രി ശാന്തിഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ജഡ്ജിമാര്‍ക്ക് കേസുകള്‍ അനുവദിച്ചു നല്‍കുന്നതിന് വേണ്ടി മുതിര്‍ന്ന ജഡ്ജിമാരുടെ ഒരു പാനല്‍ രൂപീകരിക്കണമെന്നായിരുന്നു ശാന്തിഭൂഷണിന്റെ ആവശ്യം. ശാന്തിഭൂഷണിന്റെ ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. ശാന്തിഭൂഷണിന്റെ ആവശ്യം അംഗീകരിച്ചാല്‍ അത് സമ്പൂര്‍ണ്ണ അരാജകത്വത്തിലേക്ക് നയിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

ഏതു കേസ് ഏതു ജഡ്ജി പരിഗണിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് ഏപ്രില്‍ മാസത്തില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ അധികാരം നിയന്ത്രണമില്ലാതെ ഉപയോഗിക്കപ്പെടുകയാണെന്നും അതു പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശാന്തിഭൂഷണ്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയിലെ 4 മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയതിനുശേഷം ഈ വിഷയം പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോഴായിരുന്നു ഏപ്രിലില്‍ മൂന്നംഗ ബഞ്ചിന്റെ വിധി വന്നത്.