ബ്രസീലും പുറത്ത് ; ഇനി യൂറോപ്യൻ കപ്പ്

#

(07-07-18) : അഞ്ച് തവണ ലോക കിരീടം നേടിയ ഒരേയൊരു ടീമായ ബ്രസീൽ റഷ്യൻ ലോകകപ്പിൽ നിന്നും പുറത്തായി. ഫുട്ബോൾ ലോകത്തെ പുതുശക്തിയായ ബൽജിയത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് നെയ്മറും സംഘവും തോറ്റ് മടങ്ങിയത് .നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മയാണ് ബ്രസീലിന് വിനയായത് .റഷ്യൻ ലോകകപ്പിൽ  അഞ്ച് മത്സരവും കളിച്ച മുന്നേറ്റക്കാരൻ  ഗബ്രിയേൽ ജീസസിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

ആദ്യ പകുതിയിൽ പതിമൂന്നാം മിനിട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു .ഈഡൻ ഹസാർഡിന്റെ ഫ്രീകിക്കിൽ കൊമ്പാനിയുടെ ഹെഢർ തടയാനുള്ള ഫെർണാണ്ടീന്യോയുടെ ശ്രമം ഓൺ ഗോളിൽ കലാശിച്ചു. സമനില ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിക്കുന്നതിനിടയിൽ മുപ്പത്തിയൊന്നാം മിനിട്ടിൽ ബൽജിയം വീണ്ടും ഗോളടിച്ചു.ബൽജിയം താരം റൊമേലു ലുക്കാക്കു സ്വന്തം ഹാഫിൽ നിന്നും അതിവേഗത്തിൽ കുതിച്ചു പാഞ്ഞ് ബ്രസീൽ പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി നൽകിയ പാസ്സ് ഡിബ്രൂയിൻ അനായാസം ഗോളിലെത്തിച്ചു.

രണ്ടാം പകുതിയിൽ ഫിർമീന്യോയും ,റെനാറ്റോ അഗസ്റ്റോയും പകരക്കാരായിറങ്ങിയപ്പോഴാണ് ബ്രസീൽ ഉണർന്ന് കളിച്ചത്. എഴുപത്തിയാറാം മിനിട്ടിൽ റെനാറ്റോ അഗസ്റ്റോ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് ബൽജിയം ഗോൾകീപ്പർ മികച്ച സേവുകളുമായി ബ്രസീലിന് സമനില നിഷേധിച്ചു .

പ്രതിരോധ നിരയിലെ കരുത്തനായ കാസിമിറോയുടെ അസാന്നിദ്ധ്യം ബ്രസീലിനെ തുടക്കം മുതൽ കുഴക്കി.കാസിമിറോയ്ക്ക് പകരം ടീമിലിടം കണ്ട ഫെർണാണ്ടീന്യോ സെൽഫ് ഗോൾ വഴങ്ങുകയും ചെയ്തു.  മധ്യനിരയിൽ നിന്നും ഡി ബ്രൂയിനെ മുന്നേറ്റത്തിലേക്ക് കൊണ്ടുവരികയും, ഉയരക്കാരനായ ഫെല്ലെയ്നിയെ മധ്യനിരയിൽ നിന്നും പ്രതിരോധത്തിലേക്ക് മാറ്റുകയും ചെയ്ത ബൽജിയം തന്ത്രം വിജയം കണ്ടു .ബ്രസീൽ പുറത്തായതോടെ യൂറോപ്യൻ രാജ്യങ്ങൾ മാത്രമാണ് ഇനി ലോകകപ്പിൽ കളിക്കാനവശേഷിക്കുന്നത് .ലോകകപ്പിന്റെ ചരിത്രത്തിൽ ബൽജിയം രണ്ടാം തവണയാണ് അവസാന നാലിൽ എത്തുന്നത്. സെമി ഫൈനലിൽ ബൽജിയം ഫ്രാൻസിനെ നേരിടും.