വര്‍ഗ്ഗീയത തുലയട്ടെ ; സാംസ്‌കാരിക പ്രതിരോധത്തിന് ഒരു ഗ്രാമീണ മാതൃക

#

കൊട്ടാരക്കര (07-07-18) : വര്‍ഗ്ഗീയതയ്ക്ക് എതിരായ സാംസ്‌കാരിക പ്രതിരോധത്തിന്റെ മാതൃക സൃഷ്ടിച്ചുകൊണ്ട് പവിത്രേശ്വരം പഞ്ചായത്തിലെ പുത്തൂരില്‍ ഇപ്റ്റ സര്‍ഗ്ഗവസന്തം എന്ന പേരില്‍ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. 2018 ജൂലെ 12 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. പവിത്രേശ്വരത്തും സമീപപ്രദേശങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. പ്രതിഭാസംഗമം, കാവ്യസന്ധ്യ, നാടന്‍പാട്ടുകള്‍, ചിത്രപ്രദര്‍ശനം, ചൊല്‍ക്കാഴ്ച, ജനകീയ ഗാനങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ സാംസ്‌കാരിക സായാഹ്നത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സാംസ്‌കാരിക സായാഹ്നത്തിന്റെ മുന്നോടിയായി ജൂലൈ 8 ന് രാവിലെ 10 ന് വര്‍ഗ്ഗീയത തുലയട്ടെ എന്ന വിഷയത്തില്‍ പ്രമുഖ ചിത്രകാരന്മാരുടെ ചിത്രരചനയും ചിത്രസംഗമവും നടക്കും. ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിച്ച് തമ്മിലടിപ്പിക്കാന്‍ വിഭാഗീയശക്തികള്‍ ശ്രമം നടത്തുന്ന ഈ കാലഘട്ടത്തില്‍ നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലും സാംസ്‌കാരിക പ്രതിരോധത്തിന്റെ മാതൃക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇപ്റ്റ, പുത്തൂരിന്റെ അദ്ധ്യക്ഷന്‍ റജി പുത്തൂര്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജില്‍ വര്‍ഗ്ഗീയവാദികള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കാണ് "വര്‍ഗ്ഗീയത തുലയട്ടെ" എന്ന മുദ്രാവാക്യം ഉയര്‍ത്തി ചിത്രകാരന്മാരുടെ സംഗമം സംഘടിപ്പിക്കുന്നതെന്നും റജി പറഞ്ഞു.