മോദിയുടെ ജനപ്രീതി ദിനംപ്രതി ഇടിയുന്നു : ചൈനീസ് ഔദ്യോഗികമാധ്യമം

#

(09-07-18)  : ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിയുടെ അംഗീകാരം ദിനംപ്രതി കുറയുകയാണെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താഏജന്‍സി ആയ സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും നോട്ടുനിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ സാമ്പത്തികരംഗത്ത് സ്വീകരിച്ച നടപടികളുടെ പരാജയവും ബി.ജെ.പിയുടെ ജനസ്വാധീനം കുറയുന്നതിന്റെ പ്രധാന കാരണങ്ങളായി ചൈനീസ് വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. അതിവേഗം ജനസ്വാധീനം കുറയുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബി.ജെ.പി ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോദിയുടെ ജനപ്രീതിയില്‍ വന്‍ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന ലോക്‌നീതി-സി.എസ്.ഡി.എസ് സര്‍വ്വേഫലം റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. ചൈനയിലെ നയതന്ത്ര വിദഗ്ദ്ധര്‍ പൊതുവേ പ്രതീക്ഷിക്കുന്നത്, കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും മോദി തിരികെ വരുമെന്നുമാണ്. മാറുന്ന സാഹചര്യങ്ങള്‍ ചൈനീസ് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.