കൊള്ളത്തലവന്‍ മുന്ന ബജ്‌റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു

#

ലക്‌നൗ (09-07-18) : ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ കൊള്ളക്കാരന്‍ മുന്ന ബജ്‌റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു. 2005 ല്‍ ഒരു ബി.ജെ.പി എം.എല്‍.എയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് മുന്ന ബജ്‌റംഗി ജയിലിലടയ്ക്കപ്പെട്ടത്. ഈ ഞായറാഴ്ചയാണ് ബജ്‌റംഗിയെ ഝാന്‍സി ജയിലില്‍ നിന്ന് ഭാഗ്പത്തിലെ ജയിലിലേക്ക് മാറ്റിയത്. മുന്ന ബജ്‌റംഗിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ഒരാഴ്ചമുമ്പ് ഭാര്യ പരാതിപ്പെട്ടിരുന്നു.

രാവിലെ 6.30 ന് ജയില്‍ പുള്ളികള്‍ ചായ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു തടവുപുള്ളി മുന്ന ബജ്‌റംഗിക്കുനേരേ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ബജ്‌റംഗി തല്‍ക്ഷണം മരണമടഞ്ഞു. 2005 ല്‍ എ.കെ.47 തോക്കുപയോഗിച്ച് ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദറായിക്ക് നേരേ നൂറു തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ മുന്ന 2009 ലാണ് പോലീസ് പിടിയിലായത്. കൊലപാതകവും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലും ഉള്‍പ്പെടെ 40 ലേറെ കേസുകളില്‍ പ്രതിയാണ് മുന്ന ബജ്‌റംഗി. 1998 ല്‍ ഒരു ഇറ്റുമുട്ടലില്‍ 9 തവണ വെടിയേറ്റിരുന്നു.