വനിതാജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

#

കൊച്ചി (09-07-18) : വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നടി തീരുമാനിച്ചത്. ഹര്‍ജി നാളെ ഹൈക്കോടതിയില്‍ പരിഗണിക്കും.

സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് വനിതാജഡ്ജി വേണമെന്ന ആവശ്യം നടി ഉന്നയിച്ചത്. ബലാത്സംഗ കേസില്‍ ഇരയായ സ്ത്രീ, വിചാരണയ്ക്ക് വനിതാജഡ്ജി വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് കോടതി അംഗീകരിക്കാനാണ് സാധ്യത. ചലച്ചിത്രനടി എന്ന നിലയില്‍ പ്രശസ്തയായ ഒരു വ്യക്തി ഇരയായ കേസിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം.