ജപ്തിക്കെതിരെ പ്രതിഷേധം ; ബാങ്കുകാർ മടങ്ങി

#

കൊച്ചി (09.07.2018) : രണ്ടു പതിറ്റാണ്ട് മുമ്പ് ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്ന സ്ത്രീയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി. ഉദ്യോഗസ്ഥർ ജപ്തി ചെയ്യാനെത്തിയ വീടിനുമുന്നിൽ ജനങ്ങൾ മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായി നിലയുറപ്പിച്ചു. 1994ല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് സുഹൃത്തിന് രണ്ടരലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതാണ് പ്രീത ഷാജി. അവരുടെ വീടാണ് ജാമ്യം വച്ചത്. 2 കോടി 30 ലക്ഷം രൂപ നൽകണമെന്നാണ് ഇപ്പോൾ ബാങ്ക് ആവശ്യപ്പെടുന്നത്. 50 ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അത് സ്വീകരിക്കാതെ രണ്ടര കോടി രൂപ വില വരുന്ന പ്രീതയുടെ വീടും സ്ഥലവും 37 ലക്ഷം രൂപയ്ക്ക് ലേലം ചെയ്‌തെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഭൂമാഫിയയെ സഹായിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്ന് നാട്ടുകാർ ആരോപിച്ചു.

ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്‌തി നടപടിയെ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജപ്‌തിക്കിടയാക്കിയ കാര്യങ്ങൾ സർക്കാരുമായി  ചർച്ച നടത്താൻ ബാങ്ക്‌ തയ്യറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജയ്‌ മല്യയെ പോലെയുള്ളവർ  അനേകം കോടി രൂപ ലോണെടുത്ത്‌ മുങ്ങുമ്പോൾ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തിൽ ബാങ്കുകൾ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക്‌ പറഞ്ഞു.