കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗാകാം : സുപ്രീംകോടതി

#

ന്യൂഡല്‍ഹി (09-07-18) : കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് എതിര്‍പ്പില്ലെന്ന് സുപ്രീംകോടതി. കോടതിക്കുള്ളില്‍ എന്തു നടക്കുന്നു എന്നറിയാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് കോടതി നടപടികളുടെ ലൈവ് സ്ട്രീമിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി, ലൈവ് സ്ട്രീമിംഗിന് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നയപരമായ ഒരു തീരുമാനം എടുക്കുകയാണെങ്കില്‍ ലോക്‌സഭാ ടിവിയും രാജ്യസഭാ ടിവിയും പോലെ സുപ്രീംകോടതിക്കുവേണ്ടി ഒരു പ്രത്യേക ചാനല്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തങ്ങളുടെ കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് അറിയാന്‍ കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. തങ്ങളുടെ കേസുകള്‍ അഭിഭാഷകര്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നറിയാനുള്ള അവകാശവും കക്ഷികള്‍ക്കുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കോടതി നടപടികളെക്കുറിച്ച് മനസ്സിലാക്കാനും ലൈവ് ട്രീമിംഗ് സഹായകമാകും എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബലാത്സംഗ കേസുകളുടെയും വിവാഹബന്ധം സംബന്ധിച്ച കേസുകളുടെയും കാര്യത്തില്‍ ലൈവ് സ്ട്രീമിംഗ് സാധ്യമാകില്ലെന്നും  ചീഫ് ജസ്റ്റിസ് പറഞ്ഞു. പരീക്ഷണാര്‍ത്ഥം ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന കേസുകളില്‍ ആദ്യം ലൈവ് സ്ട്രീമിംഗാകാം എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു.