കനത്ത മഴ : മുൻകരുതൽ നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിട്ടി

#

തിരുവനന്തപുരം (10-07-18) :  ജൂലൈ 10മുതല്‍ 13 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ജനങ്ങൾ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിട്ടി. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് അതോറിട്ടി മുന്നറിയിപ്പ് നൽകി.

ജനങ്ങളുടെ ശ്രദ്ധയ്ക്കായി 6 നിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിട്ടി നൽകി. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി 7 മുതൽ അടുത്ത ദിവസം രാവിലെ 7 വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അതോറിട്ടി അഭ്യർത്ഥിച്ചു. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടിയുടെ അറിയിപ്പിൽ പറയുന്നു..പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാൽ  പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കാന്‍ അമാന്തം കാണിക്കരുതെന്നും ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.