മുംബൈയില്‍ കനത്ത മഴ : ജനജീവിതം താറുമാറായി

#

മുംബൈ (10-07-18) : തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം താറുമാറായി. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. റയില്‍വേ ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതിനാല്‍ വിരാറിനും വസയിക്കും ഇടയിലുള്ള ട്രയിന്‍ സര്‍വ്വീസുകള്‍ പശ്ചിമ റയില്‍വേ നിറുത്തിവെച്ചു. പല സ്ഥലങ്ങളിലും ട്രാക്കില്‍ വെള്ളം കയറിയതുമൂലം റയില്‍ ഗതാഗതം താറുമാറായിട്ടുണ്ട്. സബര്‍ബന്‍ ട്രയിനുകള്‍ വൈകിയാണ് ഓടുന്നത്. ചര്‍ച്ച് ഗേറ്റില്‍ നിന്ന് ബോറിവാലിയിലേക്ക് സബര്‍ബന്‍ ട്രയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും 15 മുതല്‍ 30 മിനിട്ട് വരെ വൈകിയാണ് ഓടുന്നത്.

ഭക്ഷണം നല്‍കാന്‍ മഴമൂലം നഗരത്തിലെ ഡബ്ബാവാലകള്‍ക്ക് കഴിയുന്നില്ല. നഗരത്തില്‍ ജലവിതരണം നടത്തുന്ന തുള്‍സി ലെയ്ക്ക് നിറഞ്ഞൊഴുകുകയാണ്. താനെ ജില്ലയിലെ ജില്ലാ പരിഷത്ത് നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 14 റൂട്ടുകളില്‍ ബെസ്റ്റ് ബസ്സുകള്‍ വഴി തിരിച്ചുവിട്ടു.