വ്യാജഡിഗ്രി : ഡിഎസ്പിയെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

#

ന്യൂഡല്‍ഹി (10-07-18) : ഇന്ത്യയുടെ വനിതാ ട്വന്റി-ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവും പഞ്ചാബ് പോലീസില്‍ ഡി.വൈ.എസ്.പിയുമായ ഹര്‍മന്‍പ്രീത് കൗറിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. ഹര്‍മന്‍ പ്രീത് കൗറിന്റെ ഡിഗ്രി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാലുമാസം മുമ്പായിരുന്നു ഹര്‍മന്‍പ്രീത് കൗറിനെ ഡി.വൈ.എസ്.പിയായി നിയമിച്ചത്. മീററ്റിലെ ചൗധരി ചരണ്‍സിംഗ് സര്‍വ്വകലാശാലയില്‍ നിന്ന് ഡിഗ്രി പാസ്സായി എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലുള്ളത്. പരിശോധനയ്ക്കായി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് അയച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഡിഗ്രി വ്യാജമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും തന്റെ കോച്ചാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്നുമുള്ള ഹര്‍മന്‍പ്രീത് കൗറിന്റെ വിശദീകരണം അധികൃതര്‍ അംഗീകരിച്ചു. വഞ്ചനാക്കുറ്റത്തിന് കേസെടുക്കില്ല. കോണ്‍സ്റ്റബിളായി തരംതാഴ്ത്തലില്‍ ശിക്ഷ ഒതുക്കണമെന്ന മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശം പോലീസ് അധികൃതർ അംഗീകരിച്ചു. പശ്ചിമ റയില്‍വേയില്‍ ഓഫീസ് സൂപ്രണ്ടായി പ്രവര്‍ത്തിക്കുകയായിരുന്ന ഹര്‍മന്‍പ്രീത് കൗറിനെ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പോലീസില്‍ നിയമിച്ചത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു.