ലോകകപ്പിലെ നഷ്ട വസന്തങ്ങൾ

#

(10.07.2018) : 2018 ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങളിൽ ഫ്രാൻസ് ബൽജിയത്തിനെയും ഇംഗ്ലണ്ട് ക്രൊയേഷ്യയേയും നേരിടുമ്പോൾ ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ ടീമുകളുടെ അസാന്നിധ്യം ഫുട്ബോൾ പ്രേമികൾക്ക് വല്ലാത്തൊരു നൊമ്പരമായി മാറുകയാണ്. കപ്പു നേടാനും ജയിക്കാനും മാത്രമായി  അർജന്റീനയും ബ്രസീലും കാമറൂണും നൈജീരിയയും ഘാനയും പരാഗ്വയും ഒന്നും ഒരു കാലത്തും കളത്തിലിറങ്ങിയിട്ടില്ല. കാൽപന്ത് കളി അവർക്ക് ജീവിതത്തിന്റെ ,സംസ്കാരത്തിന്റെ ,പോരാട്ടത്തിന്റെ ,അഭിമാനത്തിന്റെ, ആത്മാംശത്തിന്റെ ഭാഗമായിരുന്നു.

തലച്ചോറ് കൊണ്ട്‌ കളിച്ച് കപ്പു നേടുന്നതിനെക്കാൾ, ഹൃദയംകൊണ്ട് കളിച്ച് മനസ്സ് കീഴടക്കുന്നതിൽ വിജയം നേടിയവരായിരുന്നു അവരിലേറെയും. അതു കൊണ്ടാകാം ലോക കിരീടം നേടാത്ത മെസ്സി അവർക്ക് ചക്രവർത്തിയാകുന്നത്. ബാറ്റിഗോൾ ആവേശമാകുന്നത്. നെയ്മർ രാജകുമാരനാകുന്നത്. ബെബറ്റോയുടെ തൊട്ടിലാട്ടം ഇന്നും മനസ്സിൽ ആഘോഷിക്കുന്നത്. റോജർ മില്ലയും ചിലാവർട്ടും സാമുവൽ എറ്റുവും ആസ്പ്രില്ലയും വാൾഡരാമയും അസമാവോയും ഹിഗ്വിറ്റയും ഒരു കാലത്തും മാഞ്ഞു പോകാത്തതും, ആന്ദ്രേ എസ്കോബാറിന്റെ ചിത്രം ചില്ലിട്ടു മനസ്സിൽ സൂക്ഷിക്കുന്നിടത്ത് മറ്റാരെയും പ്രതിഷ്ഠിക്കാത്തതും അതുകൊണ്ടാണ് .

വിജയിക്കുന്ന വരെ മാത്രം വാഴ്ത്തുന്ന  വെറും കളിയല്ല ഫുട്ബോൾ എന്ന് അടിവരയിടുന്നതാണ് അതിന്റെ ദീർഘകാല ചരിത്രം. പുഷ്കാസ്, റൂഡ് ഗുളിറ്റ്, മാർകോ വാൻ ബാസ്റ്റൺ, പോൾ ഗാസ്കോയിൻ, ലൂയിസ് ഫിഗോ, അലൻ ഷിയറർ ,വാൾഡരാമ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, വെസ്ലി സ്നൈഡർ എന്നീ ലോകോത്തര താരങ്ങളൊന്നും ലോകകപ്പ് വിജയിച്ചവരായിരുന്നില്ല. പക്ഷേ അവരൊക്കെ കാൽപന്തുകളിയുടെ മിന്നുന്ന താരങ്ങളായി ലോകം ജയിച്ചവരായിരുന്നു. 2018 ലോകകപ്പും ഒരു പക്ഷേ ഓർമ്മിക്കപ്പെടുന്നത് വിജയികളുടെ പേരിലാകണമെന്നില്ല. ഇടയിലെവിടെയൊ വച്ച് മടങ്ങിയ പ്രിയപ്പെട്ടവരുടെ പേരിലാവാം. കാരണം  തീപിടിച്ച പുൽമൈതാനങ്ങളിൽ നിങ്ങളുതിർത്ത കണ്ണീർ വീണത് ഞങ്ങളുടെ ഹൃദയങ്ങളിലാണ്.