വര്‍ഗ്ഗീയത തുലയട്ടെ ; ചിത്രരചനയിലൂടെ പ്രതിഷേധം

#

കൊട്ടാരക്കര (10-07-18) : വര്‍ഗ്ഗീയത തുലയട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ ചിത്രകാരന്മാര്‍ വര്‍ഗ്ഗീയതയ്ക്ക് എതിരേ നടത്തിയ ചിത്രരചന വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. കൊല്ലം ജില്ലയില്‍ പവിത്രേശ്വരം പഞ്ചായത്തിലെ പുത്തൂരില്‍ ഇപ്റ്റയാണ് പരിപാടി സംഘടിപ്പിച്ചത്. ജൂലൈ 12 ന് വൈകിട്ട് പുത്തൂരില്‍ ഇപ്റ്റ സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം എന്ന പരിപാടിക്ക് മുന്നോടിയായിട്ടായിരുന്നു ചിത്രകാരസംഗമം നടന്നത്. 15 ലേറെ പ്രമുഖ ചിത്രകാരന്മാര്‍ സംഗമത്തില്‍ പങ്കെടുത്തു. 40 മീറ്ററോളം നീളമുള്ള മതിലിലായിരുന്നു ചിത്രരചന നടത്തിയത്. അജിത് പ്ലാക്കാട്, ബൈജൂ പുനുക്കുന്നൂര്‍, പ്രണവം കൃഷ്ണകുമാര്‍, ശ്രീകുമാര്‍ കടമ്പനാട്, നെടുവത്തൂര്‍ അനില്‍, ബിനു കൊട്ടാരക്കര തുടങ്ങിയവര്‍ ചിത്രകാരസംഗമത്തിന് നേതൃത്വം നല്‍കി.

ജനങ്ങളെ വര്‍ഗ്ഗീയമായി ചേരി തിരിച്ച് സമൂഹത്തെ വിഷലിപ്തമാക്കുന്ന വര്‍ഗ്ഗീയശക്തികള്‍ക്കെതിരേയുള്ള സർഗാത്മക പ്രതിരോധത്തിന്റെ ഭാഗമാണ് ചിത്രകാരസംഗമമെന്ന് ഇപ്റ്റ പുത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് റജി പുത്തൂര്‍ പറഞ്ഞു. ജൂലൈ 12 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സര്‍ഗ്ഗവസന്തം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒന്നിപ്പിച്ചുകൊണ്ട് വര്‍ഗ്ഗീയതയ്‌ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ സംഘടിപ്പിക്കുമെന്ന് റജി അറിയിച്ചു.