മുൻ‌തൂക്കം ബെൽജിയത്തിന്

#

(10-07-18) : ലോകകപ്പ് പോരാട്ടങ്ങളിൽ ഇനി അവശേഷിക്കുന്നത്  സെമി ഫൈനൽ മത്സരങ്ങളും ലൂസേഴ്സ് ഫൈനലും ഗ്രാന്റ് ഫൈനലും. അവസാന നാലിൽ എത്തിയ ബൽജിയവും ഫ്രാൻസും ഇംഗ്ലണ്ടും ക്രൊയേഷ്യയും യൂറോപ്പിൽ നിന്നുള്ളവയായതിനാൽ ഓൾ യൂറോപ്യൻ മത്സരങ്ങളാണിനി നടക്കുന്നത്.

ബൽജിയം vട ഫ്രാൻസ്

ഒരേ ശൈലിയിൽ കളിക്കുന്ന ടീമുകളാണ് ബൽജിയവും ഫ്രാൻസും. ഫ്രാൻസ് മുൻ ചാമ്പ്യന്മാരാണെങ്കിൽ ബൽജിയത്തിനിത് ചരിത്രത്തിലെ രണ്ടാം സെമി ഫൈനൽ പ്രവേശനം മാത്രം. നന്നായി കളിക്കുന്ന മധ്യ നിരയാണ് ഇരു ടീമുകളുടെയും ശക്തി. മോശമല്ലാത്ത പ്രതിരോധവും ഇരു ടീമുകൾക്കും സ്വന്തം.

മധ്യനിരയിൽ നിന്നും അതി വേഗത്തിൽ എതിർ ബോക്സിലേക്ക് കടന്നു കയറി ഗോളടിക്കുന്ന എംബാപ്പേ ഫ്രാൻസിന്റെ വജ്രായുധമാണ്. അന്റോണിയോ ഗ്രീസ് മാൻ ഗോളവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും സ്വയം ഗോളടിക്കുകയും ചെയ്യുന്ന പ്ലേമേക്കർ റോളിൽ തിളങ്ങുന്നത് ഫ്രാൻസിന് വലിയ പ്രതീക്ഷകൾ നൽകുന്നു. മുന്നേറ്റ താരം ഒളിവർ ജിറൂഡിന് സ്കോർ ചെയ്യാൻ കഴിയുന്നില്ലെന്നതാണ്  ഒരു പോരായ്മ. എന്നാൽ എംബാപ്പെയ്ക്കും, പാവനും ഗോളടിക്കാൻ ജിറൂഡ് അവസരമൊരുക്കി നൽകുന്നതിനാൽ കോച്ച് ദഷാംപ്സിന് അധികം നിരാശയില്ല. മറ്റ്യൂഡി, ഉംറ്റിറ്റി എന്നിവർ  മധ്യനിരയ്ക്കും പ്രതിരോധത്തിനുമിടയിൽ നല്ല പരസ്പര ധാരണയോടെ കളിക്കുന്നുണ്ട്. മധ്യനിരയിൽ പോൾ പോഗ്ബ സമ്മർദ്ദ ഘട്ടങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്നത് കോച്ചിന് തലവേദന സൃഷ്ടിച്ചേക്കാം.

റൊമേലു ലുക്കാക്കുവെന്ന  അതിവേഗക്കാരനും കരുത്തനുമായ മുന്നേറ്റ താരവും, ഈഡൻ ഹസാർ ഡെന്ന മിഡ്ഫീൽഡ് മാന്ത്രികനും, ഡി ബ്രൂയ്നെന്ന പ്ലേമേക്കറും ,ഫെല്ലെയ്നിയെന്ന ഓൾറൗണ്ടറും, കൊമ്പാനിയെന്ന പ്രതിരോധ താരവും  ചേർന്ന ബൽജിയം 2018 ലോകകപ്പിലെ ഏറ്റവും ഓർഗനൈസ്ഡായ ടീമാണ് .ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഡിബ്രൂയ്നെ മധ്യനിരയിൽ നിന്നുമാറ്റി മുന്നേറ്റത്തിലാണ് കളിപ്പിച്ചത്. മത്സരത്തിലെ രണ്ടാം ഗോൾ നേടിയ ഡിബ്രൂയ്ൻ താൻ പ്ലേമേക്കർ മാത്രമല്ല  അത്യന്തം അപകടകാരിയായ ഗോൾ സ്കോററാണെന്നും തെളിയിച്ചു.

പ്രത്യാക്രമണത്തിലെ വേഗതയും ഷൂട്ടിങ്ങിലെ കൃത്യതയും അവസരങ്ങൾ മുതലാക്കുന്നതിൽ കാണിക്കുന്ന മിടുക്കും ഫ്രാൻസിനുമേൽ ബൽജിയത്തിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. 2010 ൽ സ്പെയിൻ ചാമ്പ്യന്മാരായതിന് ശേഷം ലോകകപ്പ് വിജയികളുടെ പട്ടികയിൽ ബൽജിയം പുതിയൊരു പേരെഴുതിച്ചേർത്താൽ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല.