രജനീകാന്തിന്റെ ഭാര്യ വഞ്ചനക്കുറ്റത്തിന് വിചാരണ നേരിടണം

#

ന്യൂഡല്‍ഹി (10-07-18) : ഒരു പരസ്യ ഏജന്‍സിക്ക് നല്‍കാനുള്ള 6.20 കോടി രൂപ നല്‍കാതിരുന്നതിന് രജനീകാന്തിന്റ ഭാര്യ ലത വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ആഡ് ബ്യൂറോ എന്ന പരസ്യക്കമ്പനിക്കാണ് ലത പണം നല്‍കാനുള്ളത്. വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം ലത വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. ലതയ്‌ക്കെതിരേയുള്ള അന്വേഷണ നടപടികള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ലത വിശ്വാസവഞ്ചന കാട്ടിയിട്ടില്ലെന്നും കരാറില്‍ നിന്ന് പിന്‍വാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

2014 ല്‍ ഒരു രജനീകാന്ത് സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിശ്വാസവഞ്ചനയ്ക്കുള്ള വിചാരണയിലെത്തി നില്‍ക്കുന്നത്. സിനിമയുടെ തമിഴ്‌നാട്ടിലെ വിതരണാവകാശം ആഡ് ബ്യൂറോയ്ക്ക് നല്‍കിയിരുന്നു. ലത ഡയറക്ടറായ മീഡിയ വൺ ഗ്ലോബൽ എന്റർടൈൻമെന്റ് നിർമ്മിച്ച സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾക്കായി 10 കോടി രൂപ തങ്ങളിൽനിന്ന് കടം വാങ്ങിയെന്നും കടം വാങ്ങിയ 10 കോടി രൂപയും ലാഭവിഹിതം എന്ന നിലയിൽ നൽകുമെന്ന് വാഗ്ദാനം ചെയ്ത 1.2  കോടിരൂപയും ഉൾപ്പെടെ മുഴുവൻ തുകയും  നല്കിയില്ലെന്നായിരുന്നു കേസ്. നൽകാൻ ബാക്കിയുള്ള തുക 3 മാസത്തിനുള്ളിൽ നല്‍കുമെന്ന ഉറപ്പും ലത വീണ്ടും ലംഘിച്ചതിനെ തുടര്‍ന്നാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്.