അൻവറിന്റെ തടയണ ഉടൻ പൊളിക്കാൻ കോടതി ഉത്തരവ്

#

കൊച്ചി (10-07-18) :  പി.വി.അന്‍വര്‍ എം.എല്‍.എ  നിർമ്മിച്ച തടയണ ഉടൻ പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ്. ഡാമിലെ വെള്ളം ഉടൻ തുറന്നുവിടണമെന്നും കോടതി ഉത്തരവിൽ പറയുന്നു. അണക്കെട്ടിലെ വെള്ളം തുറന്നുവിടാൻ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സാങ്കേതിക വിദഗ്ദ്ധനെ നിയമിച്ച് വെള്ളം പൂര്‍ണമായി ഒഴുക്കിക്കളഞ്ഞതിനു ശേഷം ഡാം പൊളിച്ചുനീക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഡാം പൊളിച്ചുനീക്കുന്നതിനോട് സര്‍ക്കാര്‍ യോജിപ്പ് അറിയിച്ചിരുന്നു.

കോടതി നിര്‍ദ്ദേശം നടപ്പാക്കി രണ്ടാഴ്ച്ചയ്ക്കകം കോടതിയിൽ റിപ്പോര്‍ട്ട് നൽകണമെന്ന്  ഉത്തരവിൽ പറയുന്നു.  മഴക്കാലമായതിനാല്‍ വെള്ളം ഒറ്റയടിക്ക് തുറന്നുവിടുന്നത് അപകടത്തിനിടയാക്കുമെന്നതിനാൽ സാങ്കേതിക വിദഗ്ദ്ധന്റെ  സഹായത്തോടെ കുറേശ്ശെയായി വെള്ളം നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

അനധികൃതമായി വാട്ടര്‍ തീം പാര്‍ക്കും തടയണയും നിർമ്മിക്കുകയും റോഡ് കൈയേറുകയും ചെയ്ത അന്‍വറിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളിൽ നിന്നും അൻവറിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. തടയണ പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് അൻവറിനും സർക്കാരിനും തിരിച്ചടിയാണ്.