കുറ്റവാളികളെ സംരക്ഷിക്കുന്നത് കാനോന്‍ നിയമവും വത്തിക്കാനും

#

(11-07-18 ) : ( ക്രൈസ്തവ പുരോഹിതർ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വേര് കാനോൻ നിയമത്തിൽ തന്നെയാണെന്ന് വാദിക്കുന്നു പ്രമുഖ സാമൂഹ്യ ചിന്തകനും പള്ളിമതത്തിന്റെ നിത്യവിമർശകനുമായ സെബാസ്റ്റ്യൻ വട്ടമറ്റം. ലൈംഗികാതിക്രമങ്ങളുടെയും പീഡനങ്ങളുടെയും പേരിൽ വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുകയും സഭാനേതൃത്വങ്ങൾ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോൾ സെബാസ്റ്റ്യൻ വട്ടമറ്റത്തിന്റെ വാക്കുകൾക്ക് പ്രസക്തി വർദ്ധിക്കുന്നു.)

2013-ല്‍ പാലക്കാട്ട് ഫാദര്‍ ആരോഗ്യരാജ് എന്ന പള്ളിവികാരി തന്റെ ലൈംഗികപീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു. മെത്രാനും നാല് വൈദികരും ആ കത്തനാരെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു. ഇതു സംബന്ധിച്ച ഒരു വാര്‍ത്തയില്‍ പറയുന്നതിങ്ങനെ , "സഭാനിയമപ്രകാരം മാത്രം വികാരിയെ ശിക്ഷാനടപടിക്ക് വിധേയനാക്കി കുറ്റം ഒളിപ്പിച്ചു." ഈ സഭാനിയമമെന്നു പറയുന്നതാണ് കാനോന്‍ നിയമം.

ഭൂമി ഇടപാടു കേസില്‍ തനിക്കെതിരെ നടപടി എടുക്കാന്‍ മാര്‍പ്പാപ്പായ്ക്കു മാത്രമാണ് അധികാരമെന്ന്  കര്‍ദ്ദിനാള്‍ ആലഞ്ചേരി, തന്റെ വക്കീല്‍വഴി, കേരള ഹൈകോടതിയില്‍ വാദിച്ചല്ലോ. ഇതിന് അദ്ദേഹത്തിനു ധൈര്യം നല്‍കിയതും കാനോന്‍ നിയമമാണ്. കൃത്യമായി പറഞ്ഞാല്‍ പൗരസ്ത്യ കാനോന്‍ നിയമത്തിലെ 1060-ാം വകുപ്പ്. ആര്‍ക്കൊക്കെ എതിരെയാണ് പോപ്പിനു മാത്രം നടപടി എടുക്കാന്‍ അധികാരമുള്ളതെന്നാണ് അതില്‍ പറയുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയും അതില്‍ പെടും. പിന്നെ ലിസ്റ്റിലുള്ള ഒരാള്‍ ആരാണെന്നോ, "രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവില്‍ അധികാരികള്‍." വേണ്ടിവന്നാല്‍ മോദിയെ വരെ ഇങ്ങനെ കാനോന്‍കെട്ടിക്കാമെന്നു സാരം. ഈ ഭൂലോകത്ത് ഒരേ ഇടയനും കുഞ്ഞാടുകളും മാത്രമാകുന്ന സുദിനം മുന്നില്‍ക്കണ്ട് എഴുതിച്ചേര്‍ത്തതാവണം ഈ ഉപവകുപ്പ്.

പുരോഹിതകുറ്റവാളികളെ സംരക്ഷിക്കാന്‍ കാനോന്‍ നിയമം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നത് ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം. സംഭവം നടന്നത് 1998-99 കാലത്ത് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പിന്റെ അരമനയില്‍. സത്യവിശ്വാസിയായ ഒരു സാധാരണക്കാരന്‍ ഒരു പരാതിയുമായി ആര്‍ച്ച്ബിഷപ്പിനെ സമീപിച്ചു. തന്റെ പ്രായപൂര്‍ത്തിയാകാത്ത  മകളെ ഒരു വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നായിരുന്നു പരാതി. ഇതു ശരിവച്ച് അയാളുടെ മകളും പരാതി നല്‍കി. ആദ്യപടിയായി മറ്റൊരു വൈദികനെ പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് എന്ന സ്ഥാനപ്പേരു നല്‍കി കേസന്വേഷിക്കാന്‍ നിയോഗിച്ചു. പ്രാഥമികാന്വേഷണത്തിനു ശേഷം മെത്രാന് പ്രമോട്ടര്‍  ഒരു "പരാതി" സമര്‍പ്പിച്ചു. പ്രതി ദൈവജനത്തിന്റെ വിശ്വാസത്തിന് ഗൗരവതരമായ ഹാനിയും ഉതപ്പും വരുത്തിയിരിക്കുന്നു എന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും അവളനുഭവിച്ച പീഡനവും തീര്‍ത്തും അവഗണിക്കപ്പെട്ടു.

പരാതി സ്വീകരിച്ച മെത്രാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണവിഷയം ഇങ്ങനെ: "സത്യസന്ധരും ഗൗരവബുദ്ധിക്കാരുമായ ആളുകള്‍ക്ക് ഉതപ്പുണ്ടാക്കുന്നതും തന്റെ സല്‍പ്പേരു നഷ്ടപ്പെടുത്തുന്നതുമായ ഫാ....ന്റെ ലൈംഗികദുര്‍വൃത്തി." (ലൈംഗികദുര്‍വൃത്തി മറ്റുള്ളവര്‍ അറിയാതിരിക്കുന്നതിനു വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നല്ലേ ഇതിന്റെയര്‍ത്ഥം?).

അന്വേഷണത്തില്‍ കൊച്ചച്ഛന്‍(കൊച്ചിന്റെയച്ഛന്‍)  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് നാലഞ്ചു പള്ളിമേടകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു ഗര്‍ഭിണിയാക്കിയെന്നും അവളുടെ ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചെന്നും തെളിഞ്ഞു. എന്നാല്‍ വിചിത്രമായ മൂന്ന് ആരോപണങ്ങളാണ് അവര്‍ പ്രതിക്കെതിരെ നിരത്തിയത്:(1) പ്രതി തന്റെ കന്യാത്തം(സെലിബസി) നഷ്ടപ്പെടുത്തിയിരിക്കുന്നു. (2) അയാള്‍ സ്വന്തം സല്‍പ്പേര് ഇല്ലാതാക്കിയിരിക്കുന്നു. (3) അയാള്‍ നല്ലവരായ വിശ്വാസികള്‍ക്ക് ഉതപ്പുണ്ടാക്കിയിരിക്കുന്നു.

അടുത്ത പടി കോടതി രൂപീകരണമാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയോ അവളുടെ അച്ഛനോ അല്ല, പ്രമോട്ടറാണ് വാദിസ്ഥാനത്ത്. പ്രതി കൊച്ചച്ഛന്‍തന്നെ. അയാള്‍ തന്റെ കന്യാത്തം കളഞ്ഞെന്നു തെളിയിക്കണമല്ലോ. അതിനായി  ആ പെണ്‍കുട്ടിയെ തേര്‍ഡ് പാര്‍ട്ടിയുമാക്കി. അവളുടെ ജീവിതവും ചാരിത്ര്യവും പുരോഹിതന്‍ നശിപ്പിച്ചു എന്ന ആരോപണം, പുരോഹിതന്‍ തന്റെ കന്യാത്തവും സല്‍പ്പേരും നശിപ്പിച്ചു എന്നു മാറ്റിമറിക്കപ്പെട്ടു. ഏഴുമാസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും കോടതിനടപടികള്‍ക്കും ശേഷം മൂന്നു പുരോഹിതജഡ്ജിമാര്‍ ചേര്‍ന്ന് ഏകകണ്ഠമായി വിധി പ്രസ്താവിച്ചു:

"ലൈംഗിക ദുര്‍വൃത്തിയിലൂടെ പ്രതി സഭയുടെ നിയമങ്ങള്‍ (സിസിഇഒ 368, 373, 374, 382) ലംഘിക്കുകയും അങ്ങനെ സഭയുടെ അച്ചടക്കം ലംഘിക്കുകയും ചെയ്തിരിക്കുന്നു. ഇതു ദൈവജനത്തിനും അവരുടെ ആത്മീയപോഷണത്തിനും ഹാനിവരുത്തിയിരിക്കുന്നു" എന്നാണു തുടക്കം. ശിക്ഷാനടപടികളായി പ്രതി ഇടയശുശ്രൂഷകളില്‍നിന്ന് നീക്കപ്പെടണമെന്നും അയാളുടെ താമസസ്ഥലം നിയന്ത്രിക്കപ്പെടണമെന്നും അയാളെ സ്വകാര്യമായി വിശുദ്ധകുര്‍ബാന ചൊല്ലാന്‍ അനുവദിക്കേണമെന്നും(കാര്യങ്ങള്‍ ഇനിയെങ്കിലും രഹസ്യമാക്കാന്‍ പഠിക്കണമല്ലോ) ജീവനാംശം കൊടുക്കണമെന്നും മറ്റും വിധിക്കപ്പെട്ടു.

പ്രതിയുടെ പീഡനത്താല്‍ അമ്മയായ, പ്രായപൂര്‍ത്തിയാകാത്ത, പെണ്‍കുട്ടിയെക്കുറിച്ചാണ് ശിക്ഷാനടപടി (4): "ക്ഷതം(injury) സംഭവിച്ച മൂന്നാം കക്ഷി ... ക്ക് പ്രതി അനുയോജ്യവും  നീതിയുക്തവുമായ പ്രതിഫലം (remuneration) നല്‍കണം. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പാണ് തുക നിശ്ചയിക്കേണ്ടത്." ഈ വിധി പ്രഖ്യാപിക്കുമ്പോള്‍, മൂന്നാം കക്ഷിയുടെ 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെക്കുറിച്ച് അതിലൊരിടത്തും യാതൊരു പരാമര്‍ശവുമില്ല.

തങ്ങളുടെ കോടതിനടപടികള്‍ നീതിയെക്കുറിച്ചുള്ള പൊതു ധാരണകള്‍ക്കും ഇന്ത്യന്‍ ശിക്ഷാനിയമത്തിനും എതിരാണെന്ന് അരമനത്തിരുമേനിമാര്‍ക്ക് നല്ല ബോധ്യം കാണും. എന്നിട്ടും അവരെന്തുകൊണ്ട് അതൊക്കെ ചെയ്തുകൂട്ടുന്നു?  ഇതിനുത്തരം തേടേണ്ടത് അവരുടെ മനസ്സിനെ ഭരിക്കുന്ന വൈദേശിക കാനോന്‍ നിയമത്തിലാണ്. മേല്‍വിവരിച്ച കോടതിവിചാരണയുടെ രേഖകളില്‍ 15 വകുപ്പുകളാണ് കാനോന്‍ നിയമത്തില്‍ നിന്നുദ്ധരിക്കുന്നത്. അതില്‍ കാനോന 373 സ്ഥാപിക്കുന്നത് വൈദികകന്യാത്തം ഏറ്റവും വിലമതിക്കപ്പെടേണ്ടതാണെന്നാണ്. ഒരു വൈദികന്‍ അതിനെതിരെ പരസ്യമായി പാപം ചെയ്ത് ( publicly sinning against chastity ) സ്ഥിരമായി ഉതപ്പുണ്ടാക്കിക്കൊണ്ടിരുന്നാല്‍ അയാളെ  സസ്‌പെന്റ് ചെയ്യണമെന്നും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ വൈദികവൃത്തിയില്‍ നിന്നു നീക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കാനോന 1453(1) അനുശാസിക്കുന്നു.

ഒരു പുരോഹിതന്‍ ആര്‍ക്കെതിരെ എന്തു ലൈംഗികകുറ്റകൃത്യം ചെയ്താലും പരിശുദ്ധകാനോനകളനുസരിച്ച് അത് അയാളുടെ കന്യാത്തത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അതിന്നിരയാക്കപ്പെടുന്ന സ്ത്രീയോടോ പെണ്‍കുട്ടിയോടോ ആണ്‍കുട്ടിയോടോ നീതിപുലര്‍ത്തുന്ന യാതൊരു പരാമര്‍ശവും കാനോനകളിലില്ല. ആരെ പീഡിപ്പിച്ചു എന്നതല്ല, പീഡിപ്പിച്ച ആളിന് എന്തു സംഭവിച്ചു എന്നുള്ളതാണ് പരമപ്രധാനം. പീഡിപ്പിച്ചത് ഒരു വൈദികനാണെങ്കില്‍ അയാളുടെ കന്യാത്തത്തിന് അയാള്‍ കളങ്കമേല്‍പ്പിച്ചിരിക്കുന്നു. ഇതാണ് അയാളുടെമേല്‍ ആരോപിക്കാവുന്ന ഏറ്റവും വലിയ കുറ്റം.

കാനോന 382-ാം വകുപ്പ്  പുരോഹിതന്‍ കന്യാത്ത ചോര്‍ച്ചക്കിടയാക്കുന്ന എന്തും ഒഴിവാക്കണമെന്ന് അനുശാസിക്കുന്നു. അങ്ങനെ ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളിലൊന്നു മാത്രമേ ആകുന്നുള്ളു അയാളുടെ പീഡനത്തിനിരയായ പെണ്‍കുട്ടി. കുറ്റകൃത്യം പുറംലോകമറിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ വിചാരണയും ശിക്ഷാവിധിയുമൊക്കെ വളരെയെളുപ്പം. നാട്ടുകാരറിഞ്ഞെങ്കിലാണു പ്രശ്‌നം. അപ്പോള്‍ മറ്റു രണ്ടു കുറ്റങ്ങള്‍കൂടി പ്രതിയുടെമേല്‍ ചാര്‍ത്തപ്പെടും: പ്രതി  തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും സത്യവിശ്വാസികള്‍ക്ക് ഉതപ്പുണ്ടാക്കിയെന്നും. ഈ രണ്ടു കുറ്റകൃത്യങ്ങള്‍കൂടി  സംശയാതീതമായി തെളിയിക്കപ്പെട്ടാലും കുറ്റവാളിക്കു കിട്ടാവുന്ന പരമാവധി ശിക്ഷ കത്തനാര്‍പണി പോകും എന്നതു മാത്രമാണ്. അതും, പശ്ചാത്തപിക്കാതെ കുറ്റകൃത്യങ്ങളില്‍ തുടരുമെന്നു വാശിപിടിച്ചാല്‍മാത്രം. പശ്ചാത്തപിച്ചാലോ, അയാള്‍ക്കു കിട്ടുന്നത് വിശുദ്ധിയുടെ പരിവേഷമായിരിക്കും. അതോടെ, യഥാര്‍ത്ഥ പരാതിക്കാര്‍ കുഞ്ഞാടുകളാണെങ്കില്‍  നിശ്ശബ്ദരാക്കപ്പെടുന്നു. ഭരണകൂടത്തിന്റെ ഭാഗമായ നീതിപീഠത്തെ സമീപിക്കാനാവാതെ അവരൊതുങ്ങിക്കൂടുന്നു. അങ്ങനെ അരമനക്കോടതികള്‍ വിശുദ്ധപാപികളെ സൃഷ്ടിച്ചു സംരക്ഷിക്കുന്നു.

വത്തിക്കാന്റെ പങ്ക്

വത്തിക്കാന് സഭയെ ഭരിക്കുന്നതിനുള്ള ഭരണഘടനയാണല്ലോ കാനോന്‍ നിയമം. പോപ്പു മുതല്‍ ഇടവക വികാരി വരെയുള്ള അധികാരശ്രേണിയില്‍പ്പെട്ടവരുടെ കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കുന്നതിനുള്ള വകുപ്പുകളെല്ലാം കാനോന്‍ നിയമത്തിലുണ്ട്. അതും പോരെന്നു തോന്നിയിട്ട്, വത്തിക്കാനിറക്കിയ ഒരു രഹസ്യ രേഖയെക്കുറിച്ചാണ് ഇനി പറയാനുള്ളത്.

പ്രസിദ്ധനായ ഒരു ദൈവശാസ്ത്രജ്ഞനാണ് ഹാന്‍സ് ക്യൂങ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ദൈവശാത്ര ഉപദേഷ്ടാവും. അദ്ദേഹം അടുത്ത കാലത്തെഴുതിയ പുസ്തകമാണ്, "ക്യാന്‍ വി സേവ് ദി ക്യാത്തലിക് ചര്‍ച്ച്?" ഇതിലാണ് ആ രേഖയെക്കുറിച്ചു വെളിപ്പെടുത്തുന്നത്.

2001 മെയ് 18-ന് കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ (പിന്നീട് പോപ്പ് ബെനഡിക്റ്റ് 16) റോമന്‍ കൂരിയായില്‍ നിന്ന് ലോകത്തുള്ള കത്തോലിക്കാ മെത്രാന്മാര്‍ക്കെല്ലാം ഔദ്യോഗികമായ ഒരു കത്തയച്ചു. പുരോഹിതന്മാരുടെ ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സഭാരഹസ്യമായി (പൊന്തിഫിക്കല്‍ സീക്രട്ട്) സൂക്ഷിക്കണമെന്നാണ് അതില്‍ കല്‍പിച്ചിരുന്നത്. അത്തരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നവര്‍ ഏറ്റവും കര്‍ശനമായ സഭാനടപടികള്‍ക്കു വിധേയരാകുമെന്ന ഭീഷണിയും അതിലുണ്ടായിരുന്നു.കുറ്റവാളികൾക്കല്ല, കുറ്റം  വെളിപ്പെടുത്തുന്നവർക്കാണ് ശിക്ഷ. ഇന്നോളം ആ കത്ത് പിന്‍വലിച്ചിട്ടില്ലെന്നും ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു.

ഇങ്ങനെയൊരു തിട്ടൂരവും കീശയില്‍ സൂക്ഷിച്ചുകൊണ്ട് നമ്മുടെ തിരുമേനിമാര്‍ക്ക് വിശുദ്ധപാപികളെ എങ്ങനെ സംരക്ഷിക്കാതിരിക്കാനാവും? അവര്‍ക്കെങ്ങനെ അവരെയിങ്ങനെ ഉന്നതങ്ങളില്‍ നിലനിര്‍ത്തുന്ന കാനോന്‍ നിയമത്തെ തള്ളിപ്പറയാനാവും? അതിനു പാരയായേക്കാവുന്ന ചര്‍ച്ച് ആക്ട് പോലുള്ള സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയും?