മുൻ‌കൂർ ജാമ്യമില്ല ; വൈദികരുടെ അറസ്റ്റ് ഇന്നുണ്ടാകും

#

കൊച്ചി (11.07.2018) : അധ്യാപികയായ യുവതിയെ കുമ്പസാര രഹസ്യത്തിന്റെ പേരിൽ ബ്ളാക്മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യഅപേക്ഷ നൽകിയ പ്രതികളായ മൂന്ന് വൈദികരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ തന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇരയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയും പോലീസ് യുവതിയുടെ മൊഴിയെടുത്തു. അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായതോടെ വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ വൈദികർ ഒളിവിലാണ്.

ഹര്‍ജി പരിഗണിക്കുന്നതിനിടെ ജാമ്യം അനുവദിക്കരുതെന്നും ഇരയുടെ വ്യക്തമായ മൊഴിയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ക്രൈംബ്രാഞ്ച് വാദം അംഗീകരിച്ച് കോടതി ജാമ്യഅപേക്ഷ തള്ളുകയായിരുന്നു. വൈദികര്‍ക്കെതിരേ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അഭിഭാഷകര്‍ മുഖേന വൈദികര്‍ ഹൈക്കോടതിയെ അറിയിച്ചു. കീഴടങ്ങുന്ന ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വൈദികരുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല.