സ്വവര്‍ഗരതി : നിലപാടില്ലാതെ കേന്ദ്രസര്‍ക്കാര്‍

#

ന്യൂഡല്‍ഹി (11-07-18) : സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്കു മുമ്പിലുള്ള ഹര്‍ജികളില്‍ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍. ഹര്‍ജികളില്‍ പ്രതികരണം അറിയിക്കാന്‍ 4 ആഴ്ച സമയം ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍, സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കുന്നതിനെ തങ്ങള്‍ ചോദ്യം ചെയ്യില്ലെന്ന് കോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ 2013 ലെ സുപ്രീംകോടതി വിധി വിശദമായി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിന്റെ ഭരണഘടനാസാധുത മാത്രമാണ് കോടതി പരിശോധിക്കുന്നതെങ്കില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് നിലപാടൊന്നും അറിയിക്കാനില്ലെന്നാണ്  കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് കോടതി കടക്കുകയാണെങ്കില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 377 അനുസരിച്ച് സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണ്. പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവും പിഴയുമാണ് ശിക്ഷ.