സ്വാശ്രയ പ്രവേശനം ; കുട്ടികളെ പിഴിയുന്നത് അവസാനിപ്പിക്കണം: ചെന്നിത്തല

#

തിരുവനന്തപുരം (11.07.2018) : സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രവേശന  സമയത്ത് ട്യൂഷന്‍ ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകള്‍ ഈടാക്കരുതെന്ന നിബന്ധന കാറ്റില്‍ പറത്തി പല സ്വാശ്രയ കോളേജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നു എന്ന് പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പല പേരുകള്‍ പറഞ്ഞ് ചില കോളേജുകള്‍ കുട്ടികളില്‍ നിന്ന്  ലക്ഷങ്ങള്‍ ഈടാക്കുകയാണ്. ഹയര്‍ ഓപ്ഷന്‍കിട്ടി കോളേജ് മാറേണ്ടി വരുമ്പോള്‍ അധികമായി വാങ്ങുന്ന ഈ തുകയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് കൊള്ളയടിയാണെന്ന് പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും അതും ലംഘിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇപ്പോഴാകട്ടെ ബാങ്ക് ഗ്യാരണ്ടിക്ക് പകരം തീയതി വച്ച് ഒപ്പിട്ട ചെക്കുകളാണ് വാങ്ങുന്നത്. ഇതും നിയമലംഘനമാണ്. ഈ നടപടിയും  അനുവദിക്കാന്‍ പാടില്ല. പാവപ്പെട്ട കുട്ടികളെ ബന്ദികളാക്കുന്നതിന് തുല്യമാണിത്. കുട്ടികളുടെ രക്ഷയ്ക്കായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.