അംബാനി ഉള്ളപ്പോൾ ആസൂത്രണക്കമ്മീഷനും യുജിസിയും എന്തിന് ?

#

(11-07-18) : മുകേഷ് അംബാനിയുടെ സങ്കല്പത്തില്‍ മാത്രമുള്ള റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു ശ്രേഷ്ഠ പദവി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ അഴിമതിയാണ്. ഇല്ലാത്ത ഒരു സ്ഥാപനത്തിനു അംഗീകാരം കൊടുക്കാന്‍ യാതൊരു നിയമവും അനുവദിക്കാത്ത രാജ്യത്ത് ആരുടെയോ ഭാവനയില്‍ മാത്രമുള്ള ഒരു സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കിയ നടപടി അങ്ങേയറ്റത്തെ നിയമ നിഷേധവും അധികാര ദുര്‍വ്വിനിയോഗവും ഭരണഘടനാ ലംഘനവുമാണ്.

1956 ല്‍ നിലവില്‍ വന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) പകരം ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(എച്ച് .ഇ .സി.ഐ )യെ പ്രതിഷ്ഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരടു ബില്ലു കണ്ടപ്പോള്‍ വരാന്‍ പോകുന്ന ഒരു വന്‍ കൊള്ളയുടെ മുന്നോടിയാണെന്ന് കരുതിയില്ല. സ്വയംഭരണാവകാശവും ഗ്രാന്റ് നല്‍കാനുള്ള  അധികാരവും പുതിയ കമ്മീഷനില്ലെന്നും ഫണ്ടിംഗ് മാനവ വിഭവശേഷി വകുപ്പ് നേരിട്ടായിരിക്കും നടത്തുക എന്നും പുതിയ ബില്ലില്‍ പറയുന്നു. യുജിസി ഇല്ലാതാക്കി ഗ്രാന്റ് നല്‍കാന്‍ അധികാരമില്ലാത്ത വെറും ശുപാര്‍ശക്കമ്മീഷന്‍ രൂപവല്‍ക്കരിക്കുന്നത് സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചൊല്‍പ്പടിക്കു നിർത്താനാവുമെന്നേ വിചാരിച്ചുള്ളൂ.തങ്ങളുടെ  ഇംഗിതത്തിനും രാഷ്ട്രീയ വിശ്വാസ ങ്ങള്‍ക്കും വഴങ്ങാത്തവയ്ക്ക് ഫണ്ട് കൊടുക്കാതെ ബുദ്ധിമുട്ടിക്കാനും കഴിയും.

എന്നാല്‍ അതിനെല്ലാമപ്പുറം അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിതുറക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ബില്ല്  പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ മാനവവിഭശേഷി വകുപ്പു മന്ത്രി  തന്റെ അധികാരം കാണിച്ചു തുടങ്ങി എന്നതിന്റെ ലക്ഷണമാണ് ഇല്ലാത്ത സ്ഥാപനത്തിനു ശ്രേഷ്ഠ പദവി ദാനം ചെയ്ത സംഭവം. വെറും പദവി മാത്രമല്ല, 1000 കോടി രൂപയുടെ ഗ്രാന്റും ഒപ്പമുണ്ട്. ഇവിടെയാണ്‌ അഴിമതി മണക്കുന്നത്. നിയമവിരുദ്ധമായും  കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയും പാര്‍ശ്വവര്‍ത്തികള്‍ക്ക് ഖജനാവു ചോര്‍ത്തി കൊടുക്കുന്നത് മോക്ഷത്തിനാണെന്ന് കരുതുക വയ്യ. റിലയന്‍സുമായി കേന്ദ്ര ഭരണക്കാര്‍ക്കുള്ള ബന്ധം അറിയാവുന്ന ആര്‍ക്കും ഇതിന്റെ പിന്നിലെ കള്ളക്കളി മനസ്സിലാക്കാവുന്നതെ ഉള്ളൂ.

റിലയന്‍സിന്റെ ഇല്ലാത്ത സ്ഥാപനത്തിനോടൊപ്പം ശ്രേഷ്ഠ പദവി ലഭിച്ച മണിപ്പാല്‍ അക്കാഡമി ഓഫ് ഹയര്‍ എഡ്യൂക്കേഷനും ബിഐറ്റിഎസ്സും പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രശസ്തമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപ നങ്ങളാണ്. ശ്രേഷ്ഠ പദവി ലഭിച്ച മറ്റു മൂന്നെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഐ ഐ റ്റി ബോംബെയും ഐ ഐ റ്റി ഡല്‍ഹിയും ഐ.ഐ.എസ്.സി ബാംഗളൂരും.

ഒരു എമ്പവേഡ് എക്സ്പെര്‍ട്ട് കമ്മിറ്റിയാണ്(ഇ. ഇ.സി. )ശ്രേഷ്ഠ പദവി നല്‍കേണ്ട സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത് എന്നാണ്  വകുപ്പ് മന്ത്രിയുടെ വിശദീകരണം.പക്ഷേ സ്വപ്നത്തിലുള്ള സ്ഥാപനത്തിനു ഈ പദവി നല്‍കുവാന്‍ ഏതു കമ്മിറ്റി ശുപാര്‍ശ ചെയ്താലും അംഗീകരിക്കാതിരിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. തന്നെയുമല്ല , റിലയന്‍സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍ കണമെന്ന് എവിടെ നിന്നും സമ്മര്‍ദ്ദമുണ്ടായില്ല എന്ന് കമ്മിറ്റി ചെയര്‍മാനായ എന്‍.ഗോപാലസ്വാമി ആരും ചോദിക്കാതെ ആവര്‍ത്തിക്കുന്നതില്‍ നിന്ന് സത്യാവസ്ഥ വെളിപ്പെടുന്നുണ്ട് ! എന്ന് മുതലാണ്‌ ഈ മുന്‍ ചീഫ് ഇലക് ഷന്‍ കമ്മീഷണര്‍ സര്‍വ്വ വിജ്ഞാനപാരംഗതനും വിദ്യാഭ്യാസ വിചക്ഷണനും ആയതെന്നു അറിവില്ല.

സ്വതന്ത്ര ഭാരതത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമിട്ട പ്ലാനിംഗ് കമ്മീഷനു പകരം നീതി ആയോഗ് കൊണ്ടുവന്നു വികസനപ്രക്രിയയെ ആകെ തളര്‍ത്തുകയും  യാതോരാലോചനയും  കൂടാതെ നോട്ട്  നിരോധനം നടപ്പാക്കി സമ്പദ് ഘടനയെയും വ്യാപാരമേഖലയെയും  തകര്‍ക്കുകയും ചെയ്ത മോദി സര്‍ക്കാര്‍, യു.ജി.സി ഇല്ലാതാക്കി  ഉന്നത വിദ്യാഭ്യാസ രംഗവും  കുളം തോണ്ടുകയാണ്. ഇപ്പോഴിതാ ശ്രേഷ്ഠ പദവിയുടെ മറവില്‍ ഖജനാവു ചോര്‍ത്തി വളഞ്ഞ വഴിയിലൂടെ ഭരണക്കാര്‍ക്ക് കീശ നിറയ്ക്കാന്‍ വേണ്ടി  വിദ്യാഭ്യാസത്തിന്റെ മഹത്വവും ശ്രേഷ്ഠതയും കെടുത്തുകയും ചെയ്തിരിക്കുന്നു.