വൃത്തികേടുകൾ ചെയ്യാം; പുറത്തറിയരുത് : സിസ്റ്റർ ജെസ്മി

#

(11-07-18) : (ക്രൈസ്തവസഭകളിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നവയാണ്. സ്ത്രീപീഡനങ്ങളുടെയും ബലാൽസംഗങ്ങളുടെയും അടിച്ചമർത്തലുകളുടെയും കഥകളാണ് അരമനകളുടെ അകത്തളങ്ങളിൽ നിന്ന് കേൾക്കുന്നത്. 10 വർഷം മുമ്പ് നീതികേടുകൾ കണ്ട് സഹിക്കാനാവാതെ സഭ വിട്ടിറങ്ങിപ്പോന്ന സിസ്റ്റർ ജെസ്മി ക്രൈസ്തവസഭകളുടെ ഉൾത്തളങ്ങളിൽ എന്തുനടക്കുന്നു എന്നു പറയാൻ ഏറ്റവും അർഹതയുള്ള വ്യക്തികളിലൊരാളാണ്. ക്രൈസ്തവസഭകളിൽ നിന്ന് പുറത്തുവരുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ സിസ്റ്റർ ജെസ്മി ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.)

നല്ല പേര് സഭയ്ക്ക് വേണമെന്ന് മാത്രമേയുള്ളൂ സഭയ്ക്ക്. നല്ലതല്ലാത്ത ഒന്നും പുറത്തു പറയരുതെന്നാണ് സഭയുടെ രീതി. എല്ലാം suppress ചെയ്യുന്നതാണ് ശീലം. ഒട്ടും സുതാര്യതയില്ല. എല്ലാം അഭിനയമാണ്. എന്ത് അപമാനമുണ്ടായാലും പുറത്തു പറയരുതെന്നാണ്. ബിഷപ്പ് അപമാനിച്ചാലും അച്ചന്മാർ അപമാനിച്ചാലും എല്ലാം ഒളിച്ചു വെയ്ക്കണം. ഒരു സിസ്റ്ററും വേറൊരു സിസ്റ്ററും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ അതും പറയരുത്. നമ്മുടെ സഭ മോശമാകരുത് എന്നതാണ് മനോഭാവം. അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ആവര്‍ത്തിക്കുകയേ ഉള്ളൂ.

ദയ, സഹാനുഭൂതി, കാരുണ്യം തുടങ്ങിയതൊന്നും സഭയില്‍ നിന്ന് പ്രതീക്ഷിക്കരുത്. അധോലോകത്തിന് ദയയും സഹാനുഭൂതിയും കാരുണ്യവുമുണ്ടോ? നമ്മുടെ കൂട്ടത്തിലെ ഗുണ്ടകളുടെ കാര്യം പുറത്തറിയരുത് എന്നതല്ലേ അധോലോകത്തിന്റെ മനോഭാവം ? അതു തന്നെയാണ് സഭയുടെ അവസ്ഥയും. അകത്തു നടക്കുന്ന വൃത്തികേടുകള്‍ പുറത്തറിയരുത് എന്നതാണ് ഏറ്റവും പ്രധാനം. ഏതെങ്കിലുമൊരു കാര്യം പുറത്തറിഞ്ഞാല്‍ അതെങ്ങനെ അടിച്ചമര്‍ത്താം എന്നാണ് നോക്കുക. ഞങ്ങളുടെ കോളേജില്‍ ഒരു സിസ്റ്ററുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പത്രക്കാരെ വിളിച്ചുപറയും, "അത് പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിച്ചാല്‍ വിവരമറിയും" അധോലോകത്തിന്റെ അതേരീതി. അകത്തു നടക്കുന്നതൊന്നും പത്രത്തില്‍ വരില്ല. പുറത്താരും അറിയില്ല. അങ്ങനെ ഇവര്‍ കുറേ രക്ഷപ്പെട്ടു.

റോബിന്‍ അച്ചന്റെ സംഭവമൊക്ക പുറത്തുവന്നപ്പോള്‍ നമ്മള്‍ കരുതി, ഇതൊക്കെ ഒന്നു നില്‍ക്കുമെന്ന്. അങ്ങനെയുള്ള പേടിയൊന്നും അവര്‍ക്കില്ല. അതിനുശേഷമാണ് ഒരു അച്ചന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായത്. സ്ത്രീ കുടുംബത്തില്‍ നിന്ന് പുറത്തായി. അച്ചനോട് പോയി ധ്യാനിക്കാന്‍ പറഞ്ഞു. അവിടെ അച്ചന്റെ ശിക്ഷ തീര്‍ന്നു. ഇപ്പോഴും അത്തരം കാര്യങ്ങള്‍ നിര്‍ബാധം നടക്കുന്നു. മാധ്യമങ്ങളില്‍ വരുന്നതിന് എത്രയോ അപ്പുറത്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യങ്ങള്‍.

വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു തമാശയുണ്ട്. ഏറ്റവും വലിയ യുക്തിവാദികളും നിരീശ്വരവാദികളും അച്ചന്മാരും കന്യാസ്ത്രീകളുമാണെന്നാണ് ആ വാട്‌സ് ആപ് തമാശ. വ്യഭിചാരം ചെയ്യരുത്, കള്ളം പറയരുത്, കള്ളക്കണക്ക് എഴുതെരുതെന്നൊക്കയാണ് അവര്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ നരകത്തില്‍ പോകും എന്നവര്‍ പറയും. ഏറ്റവും കൂടുതല്‍ നുണ പറയുന്നതാരാണെന്നോ? അച്ചന്മാരും സിസ്റ്റര്‍മാരുമാണ്. നുണ പറഞ്ഞാല്‍ നരകത്തില്‍ പോകുമെന്ന് വിശ്വാസമുണ്ടെങ്കില്‍ അവര്‍ നുണ പറയുമോ?

നമ്മളോട് ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തില്ലെന്ന് പറയും. എന്റെ പ്രിന്‍സിപ്പല്‍ പറഞ്ഞ കാര്യം പറഞ്ഞില്ലെന്ന് പറയുന്നതു കണ്ട ഒരു സ്‌നേഹിതയായ സിസ്റ്റര്‍ എന്നോട് പറഞ്ഞു, "ഇനി പ്രിന്‍സിപ്പലിനെ കാണാന്‍ പോകുമ്പോള്‍ ഒരു ബുക്ക് കൂടി കരുതണം. പറയുന്നതെല്ലാം എഴുതണം. ഇത്രാം തീയതി, ഇങ്ങനെ വിളിച്ചു കൂട്ടണം, ഇത്ര രൂപ പിരിക്കണം അല്ലേ? എന്നിങ്ങനെ എഴുതണം." അന്ന് റെക്കോഡ് ചെയ്യാനുള്ള മറ്റു സംവിധാനങ്ങളൊന്നുമില്ലല്ലോ.

പണമുണ്ടാക്കണമെന്നുള്ളതാണ് അച്ചന്മാരുടെ പ്രധാന ആഗ്രഹം. ആവശ്യത്തിനുള്ള പണം കൊണ്ട് മതിയാവില്ല. 5 രൂപ വാങ്ങേണ്ടിടത്ത് 10 രൂപയ്ക്ക് വേണ്ടി കമഴ്ന്നുവീഴും. പണം വന്നു കഴിയുമ്പോള്‍ പവറാണ് വേണ്ടത്. പണത്തിനോടുള്ള ആര്‍ത്തിപോലെ തന്നെ അധികാരത്തിനോടുള്ള ആര്‍ത്തിക്കും അതിരില്ല. പണം മാത്രമുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല. അങ്ങനെയുള്ളവർ വിഡ്ഢികളാണ്, അധികാരം വേണമെന്ന് അച്ചന്മാർ പറയും. ഞങ്ങളോടൊക്കെ, സര്‍വ്വകലാശാല സമിതികളിലൊക്കെ അംഗങ്ങളാകാന്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ എന്തു വലിയ ആര്‍ത്തിയാണ് ഈ പുരോഹിതര്‍ കാണിക്കുന്നതെന്നോ?

വിദ്യാഭ്യാസത്തിന്റെ അധികാരം നേടിക്കഴിഞ്ഞപ്പോൾ രാഷ്ട്രീയാധികാരം വേണമെന്നായി. എല്ലാ സംവിധാനങ്ങളെയും നിയന്ത്രിക്കണം എന്നാണ് അവര്‍ക്ക് ആഗ്രഹം. പണവും അധികാരവുമായി കഴിയുമ്പോള്‍ ലൈംഗിക വിഷയങ്ങളിലാകും താല്പര്യം. എല്ലാ സൗകര്യങ്ങളുമുണ്ടല്ലോ. അച്ചന്മാരിലും കന്യാസ്ത്രീകളിലും ഒരു ശതമാനം മാത്രമാണ് വിശ്വാസത്തിന്റെ പേരിൽ വരുന്നത്. ബാക്കി 99 ശതമാനവും വെറുതേ വേഷം കെട്ടിനടക്കുകയാണ്. വിശ്വസിച്ച് വരുന്നവര്‍ പോലും ഇതിനകത്തു വന്നാല്‍ വഴിതെറ്റി പോകും. മദറിനെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ കാര്യം നടക്കില്ല. അങ്ങനെ വരുമ്പോള്‍ നല്ല വിശ്വാസത്തോടെ വരുന്നവര്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്തു പോകും.

കോഴിക്കോട് ഒരു കന്യാസ്ത്രീ അച്ചനിൽനിന്ന് ഗർഭിണിയായി. അവർ പ്രസവിച്ചു. കുട്ടിയും ആ കന്യാസ്ത്രീയും ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. Its only a onetime accident. I cant bear it lifelong എന്നാണ് അച്ചൻ പറഞ്ഞത്. വണ്ടി ഓടിച്ചുപോകുമ്പോൾ ഒരു അപകടം പറ്റി. അത് കഴിഞ്ഞ് അച്ചൻ പൊടി തട്ടിപ്പോയി. മാധ്യമങ്ങളിൽ ഒന്നും കാര്യമായി വന്നില്ല. സഭയുടെ ഘടന അതാണ്. അതിൽ വലിയ അഭിമാനമാണ് പുരോഹിതർക്ക്.

10 വർഷം മുമ്പ് ഞാൻ സഭ വിട്ടിറങ്ങുമ്പോൾ എന്നെക്കാൾ ദുഃഖിച്ച സിസ്റ്റർമാരുണ്ട്. എന്റെ സ്നേഹിതയായ ഒരു സിസ്റ്റർക്ക് വലിയ സങ്കടമായിരുന്നു. സിസ്റ്റർ ജെസ്മിയുടെ കണ്ണീർ ഈ സഭയിൽ വീണാൽ അതിന്റെ ശാപം സഭയ്ക്ക് അനുഭവിക്കേണ്ടി വരുമെന്ന് പറയാൻ അവൾ ധൈര്യം കാട്ടി. അതിനപ്പുറം അവൾക്കെന്തു ചെയ്യാൻ കഴിയും. സഭയിൽ നടക്കുന്ന കാര്യങ്ങളിൽ എന്നെക്കാൾ അമർഷമുള്ള സിസ്റ്റർമാരുണ്ട്. പക്ഷേ, അവർ നിസ്സഹായരാണ്. ഞാൻ പുറത്തു പോരുമ്പോൾ എന്നെ ഭ്രാന്തി എന്ന് വിളിച്ചു. വേശ്യ എന്ന് വിളിച്ചു. പുറത്തിറങ്ങാൻ തയ്യാറാകുന്ന കന്യാസ്ത്രീമാരെ കാത്തിരിക്കുന്നത് ഇത്തരം ആക്ഷേപങ്ങളാണെന്ന് അവർക്കറിയാം. സഭയുടെ സംഘടിതശക്തിയെ അവർ എങ്ങനെ നേരിടും ? എങ്കിലും, എല്ലാക്കാലവും കാര്യങ്ങൾ ഇങ്ങനെതന്നെയാവും എന്ന് ഞാൻ കരുതുന്നില്ല.