ക്ഷേത്രങ്ങള്‍ മാത്രമല്ല, ചര്‍ച്ചുകളും മോസകുകളും സന്ദര്‍ശിക്കാറുണ്ട് : രാഹുല്‍

#

ന്യൂഡല്‍ഹി (12-07-18) : തന്റെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍, മോസ്‌കുകളിലും ചര്‍ച്ചുകളിലും നടത്തുന്ന സന്ദര്‍ശനങ്ങള്‍ അവഗണിക്കുകയാണ് പതിവെന്ന് രാഹുല്‍ഗാന്ധി. ജനങ്ങള്‍ സന്ദര്‍ശിക്കുന്ന ആരാധനാലായങ്ങളിലെല്ലാം താന്‍ പോകാറുണ്ട്. ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ച രാഹുല്‍ ഗാന്ധി മുസ്ലീം ബുദ്ധിജീവികളുമായുള്ള ആശയവിനിമയത്തിനിടയിലാണ് ആരാധനാലയങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് വിശദീകരിച്ചത്. തന്റെ ക്ഷേത്രദര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിച്ചേരലില്‍ പ്രമുഖരായ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുത്തു. രണ്ടര മണിക്കൂറിലേറെ നീണ്ട കൂടിച്ചേരലില്‍ ഉള്ളു തുറന്ന ചര്‍ച്ച നടന്നതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്ന വിമര്‍ശനം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. ഏതെങ്കിലും ഒരു സമുദായത്തെ "ഉപയോഗിക്കുകയോ" ഒരു സമുദായത്തിനെതിരേ മറ്റൊരു സമുദായത്തിനെ തിരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് ചോദ്യങ്ങള്‍ക്കുത്തരമായി രാഹുല്‍ വ്യക്തമാക്കി. വളരെ സൗഹാര്‍ദ്ദാന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച.